ഇന്ത്യയുടെ ആകാശ്, ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തിരക്കുകൂട്ടി ലോകരാജ്യങ്ങൾ; റിപ്പോർട്ട്

akash-brahmos-missile
SHARE

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പോർവിമാനവും മിസൈലുകളും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പലതും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ സ്വന്തമാക്കിയ നിരവധി മിസൈലുകളും ആയുധങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അമേരിക്കയെയും റഷ്യയെയും ചൈനയെയും പോലെ ആയുധങ്ങൾ വിൽക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയിട്ടില്ല. 

ആസിയാൻ രാജ്യങ്ങളും ആയുധങ്ങൾക്കായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. തെക്ക്–കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. ഇന്ത്യ സ്വന്തമായി നിർമിച്ച ആകാശ്, ഇന്ത്യ–റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ എന്നിവക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോർട്ട്. 

ബ്രഹ്മോസ് വാങ്ങാനായി നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ചിലെ, പെറു എന്നീ രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.എന്നാൽ ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യ ആയുധം വിൽക്കുന്നത് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയിട്ടില്ല. ഇതിൽ ചില രാജ്യങ്ങൾക്ക് ഇപ്പോൾ തന്നെ ചൈന ആയുധം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യ ഒരു രാജ്യത്തിനും ആയുധങ്ങൾ വിൽക്കുന്നില്ല.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ബ്രഹ്മോസ് ഇടപാട് സംബന്ധിച്ച് ചിലെ പ്രതിരോധ വകുപ്പുമായി ചർച്ച നടന്നിരുന്നു. പെറുവിൽ നിന്നും നിരവധി തവണ വിളി വന്നിട്ടുണ്ടെന്നാണ് ബ്രഹ്മോസ് നിർമാതാക്കൾ പറഞ്ഞത്.

ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ വ്യോമസേന പരീക്ഷണവും പൂർത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. 

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആകാശ് മിസൈലിനും ആവശ്യക്കാർ ഏറെയാണ്. അടിയന്തര സാഹചര്യങ്ങളിൽ പോർവിമാനം, ഹെലികോപ്റ്റർ, ഡ്രോൺ എന്നിവയിൽ നിന്നു പ്രയോഗിക്കാൻ ശേഷിയുള്ള ആകാശ് മിസൈലിന്റെ പരിധി 25 കിലോമീറ്ററാണ്. ആകാശ് മിസൈൽ ആവശ്യപ്പെട്ട് വിയറ്റ്നാം നേരത്തെ തന്നെ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. യുഎഇയും ഇന്ത്യയിൽ നിർമിച്ച മിസൈലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈന, റഷ്യ അമേരിക്ക രാജ്യങ്ങളൊന്നും അവരുടെ തന്ത്രപ്രധാന ആയുധങ്ങൾ വിൽക്കാൻ തയാറാവില്ല. പഴയ വേർഷനുകളിലുള്ള പോര്‍വിമാനങ്ങളും മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് ഈ രാജ്യങ്ങളിൽ നിന്നു കയറ്റുമതി ചെയ്യുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.