‘അണ്ണാ ഉപദ്രവിക്കല്ലേ..’ നഗ്നയാക്കി മർദിച്ചു; പീഡന ദൃശ്യം പുറത്തായി; പൊളളിച്ച് പൊളളാച്ചി പീഡനം

pollachi-sex-scandal
SHARE

‘അണ്ണാ...’ എന്നു വിളിച്ച് നഗ്നയായി സഹായത്തിനു കരയുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ. സൗഹൃദവും പ്രണയവും ചതിക്കുഴികളാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ നിസഹായകരായ അലറി കരയുന്ന പെൺകുട്ടികളുടെ മുഖം മറച്ചുളള ദൃശ്യങ്ങൾ തമിഴ് മാധ്യമങ്ങൾ പുറത്തു വിട്ടു. ‘അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി. അതിന്റെ ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ സ്വർണമാലയും പൊട്ടിച്ചെടുത്തു...’ പെൺകുട്ടി പറയുന്നു.

തൊട്ടടുത്ത വിഡിയോയിലെ നഗ്നയായി ഒരു പെൺകുട്ടി സഹായത്തിനായി കേഴുന്നു. ‘അണ്ണാ ഉപദ്രവിക്കല്ലേ.. അണ്ണാ...’ ഹൃദയഭേദകമായ കരച്ചിലും പ്രതികളുടെ അട്ടഹാസവും അടങ്ങിയ വിഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിലും രോഷം അണപൊട്ടി. നിങ്ങളുടെ സഹോദരിയുടെ മുഖം നിങ്ങൾക്കു ആ പെൺകുട്ടികളിൽ കാണാനാകുന്നില്ലേ... നിങ്ങളുടെ സഹോദരിക്കാണ് ഈ ഗതി വന്നതെങ്കിൽ ഇതിനു കാരണക്കാരായ ആളുകളെ നിങ്ങൾ കൊന്നു കുഴിച്ചു മൂടില്ലേ... ആ ഗതികേടാണ് നിങ്ങളെ കാത്തിരിക്കുന്നത്.. തമിഴ് മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ രോഷം അണപൊട്ടുകയാണ്. ഈ രണ്ടു വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് ഒരു പെൺകുട്ടി തന്നെയാണോ എന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. 

തനിക്കു സംഭവിച്ച ദുരനുഭവം തുറന്നു പറയാൻ 19 കാരിയായ പെൺകുട്ടി ധൈര്യം കാണിച്ചതോടെയാണ് ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ച പൊളളാച്ചി പീഡന കേസിലെ പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ഡൽഹിയിലെ നിർഭയ സംഭവവുമായി ഇതിനെ ബന്ധപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി, സംഭവത്തിന് ആവശ്യമായ പ്രാധാന്യം നല്‍കാതിരുന്നതിന് ദേശീയ മാധ്യമങ്ങളെയും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേസിൽ വന്‍ മാഫിയയുടെ സാന്നിധ്യം തെളിഞ്ഞതിനാൽ സിബിഐക്കു കൈമാറണമെന്നു സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊളളാച്ചി പീഡനം രാഷ്ട്രീയ ആയുധമായി ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിച്ചു കഴിഞ്ഞു. പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികൾക്കു പിന്തുണയുമായി ‘ബാർ’ നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകൻ രംഗത്തു വന്നതോടെയാണ് സംഭവത്തിനു രാഷ്ട്രീയ നിറം കൈവന്നത്. പരാതി നൽകിയ പെൺകുട്ടിയും കുടുംബവും കൈകൾ കൂപ്പി തൊഴുത് രാഷ്ട്രീയക്കാരോട് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയത്തെ രാഷ്ട്രീയമായി നിങ്ങൾ കാണരുത്. ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇവർ തകർത്തിട്ടുണ്ട്. സത്യം പുറത്തു വരണം, ഈ കൊടുംക്രൂരതയ്ക്ക് ഇവർക്ക് അർഹിച്ച ശിക്ഷ കിട്ടണം.

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് 19 കാരിയായ പെൺകുട്ടിയുമായി അടുത്ത അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരനുമായുളള അടുത്ത പരിചയം ഇയാൾ മുതലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സീനിയറായി സ്കൂളിൽ പഠിച്ച പരിചയവും ഇയാൾ ഉപയോഗിച്ചു. ഫെബ്രുവരി 12–ാം തീയതി അത്യാവശ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബസ്‍ സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തുന്നു. നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. 

ഈ സംഭവത്തിനു ശേഷവും പെൺകുട്ടിയെ ഇവർ വെറുതെ വിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. താൻ പീഡനത്തിനിരയായിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. ഒരു തമിഴ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

നൂറോളം വിഡിയോകളാണ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. എല്ലാ വിഡിയോയിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നത്. 10– 12 പെൺകുട്ടികൾ ഓരോ വിഡിയോയിലും ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ബ്ലാക് മെയിൽ ചെയ്തായിരുന്നു പീഡനം. പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു ഇവരെന്നു ലോകത്തിനു മനസിലായത്  പ്രതികളുടെ മൊബൈൽ പൊലീസിനു ഈ യുവാക്കൾ കൈമാറിയതോടെയാണ്. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇവരുടെ കെണിയിൽ പെട്ടിരുന്നു. 

തിനിടെ തിരുനാവക്കരശ് ബാർ നാഗരാജിനെയും സംഘത്തെയും കൂട്ടി വന്ന് പെൺകുട്ടിയുടെ സഹോദരനെ മർദിക്കുകയായിരുന്നു. ശബരീരാജനോ തിരുനാവക്കരശിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഈ സംഭവത്തിൽ നാഗരാജിനൊപ്പം വസന്തകുമാർ, സെന്തിൽ, ബാബു, മണി എന്നിവർ അറസ്റ്റിലായി. 

പരാതി നൽകിയ പെണ്‍കുട്ടി തമിഴ് മാധ്യമത്തോടു പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണ് കുറ്റപത്രം. പെൺകുട്ടി നാലു പേർക്കൊപ്പം കാറിൽ കയറിയെന്നും തിരുനാവക്കരശായിരുന്നു ഡ്രൈവറെന്നുമാണ് അതിൽ പറഞ്ഞത്. ഇതിനിടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ദൃശ്യങ്ങൾ പകർത്തി. സ്വർണമാല പൊട്ടിച്ചെടുത്ത് പൊള്ളാച്ചിയിലെ ഒരു സ്വകാര്യ മില്ലിനു സമീപം റോഡിൽ ഉപേക്ഷിച്ചെന്നും പറയുന്നു. എന്നാൽ പൊലീസ് ഇക്കാര്യം എഴുതിച്ചേർത്തതാണെന്നാണു പെൺകുട്ടി പറയുന്നത്. തന്നെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയതിനെത്തുടർന്ന് ജീവനു ഭീഷണിയുണ്ടെന്നും പെൺകുട്ടി പറയുന്നു. 

പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. പീഡനത്തിനിടെ കൂട്ടത്തിലൊരാൾ രക്ഷകനായി വരും. അതിനിടെ കടന്നുവരുന്ന മറ്റുള്ളവർ ചിത്രീകരണം തുടരുകയും ചെയ്യും. അതിനിടെ തമിഴ്മാധ്യമങ്ങൾ ചില വിഡിയോകൾ പുറത്തുവിട്ടിരുന്നു. എല്ലാത്തിലും പ്രതികളുടെ മുഖം വ്യക്തമാണ്. പെൺകുട്ടികളെ പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യാവുന്ന വിധത്തിലുള്ള സംസാരവും ശബരീരാജന്‍ നടത്തുന്നത് പതിവായിരുന്നു. പ്രണയത്തിലെ ചതി മനസ്സിലാകുമ്പോഴേക്കും പലരും സംഘത്തിന്റെ മുതലെടുപ്പിന് കീഴടങ്ങേണ്ട അവസ്ഥയിലായിരുന്നു. പീഡനത്തിനിടെ കൂട്ടാളികൾക്കായി ശബരീരാജന്‍ മുറി തുറന്നുകൊടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മിക്ക വിഡിയോകളിലും പ്രതികളുടെ പേരും വിളിക്കുന്നത് വ്യക്തം. 

50 മുതൽ 200 പെൺകുട്ടികൾ വരെ ഇവരുടെ ഇരകളായിട്ടുണ്ടെന്നാണു സംശയം. എന്നാൽ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. പ്രതികളിൽ ഒരാൾ തന്നെ പുറത്തുവിട്ട വിഡിയോയിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. പല ദൃശ്യങ്ങളും പ്രതികള്‍ മായ്ച്ചു കളഞ്ഞു. ഇവ വീണ്ടെടുക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.

പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ടായതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്. തിരുപ്പതിയിലെ  ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചു താമസിക്കുമ്പോഴാണ് മുഖ്യപ്രതിയെ പൊലീസ് പിടികൂടിയത്.  കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വിവരം അറിഞ്ഞ തിരുവനാവുക്കരശ്  സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. തിരുപ്പതിയിൽ പ്രതി ഫോൺ ഉപയോഗിച്ചതോടെ തുടർന്നുളള നിരീക്ഷണത്തിൽ ഇയാൾ പൊളളാച്ചിയ്ക്കു വരുന്നതായി പൊലീസ് മനസിലാക്കുകയായിരുന്നു. വഴിയിൽ വച്ച് കാർ തടഞ്ഞായിരുന്നു അറസ്റ്റ്.

പെൺകുട്ടികളെ മർദിക്കുന്ന വിഡിയോ ഉൾപ്പെടെ പുറത്തുവന്നതോടെയാണ് ജനരോഷം ശക്തമായത്. പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് പൊള്ളാച്ചി പൊലീസ് സൂപ്രണ്ട് പാണ്ടിരാമൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞതും വിവാദമായി. ഇതാണു മറ്റു പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കുന്നതിനു പ്രധാന കാരണമെന്നും ഡിഎംകെ എംപി കനിമൊഴി പറയുന്നു. പൊലീസിൽ നിന്നു വിഡിയോകൾ ചോർന്നതും വിവാദമായിട്ടുണ്ട്.#PollachiSexualAbuse #ArrestPollachiRapist എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. അതിനിടെയാണ് ഗ്രാമീണ മേഖലയിലെ കുറ്റകൃത്യങ്ങളെ ദേശീയമാധ്യമങ്ങൾ പരിഗണിക്കുന്നില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശവും. 

സിബിസിഐഡി ഐജി ശ്രീധർ, എസ്പി നിഷ പാർഥിപൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സിബിഐ ഏറ്റെടുക്കുന്നതു വരെ കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ ആവശ്യത്തിനു തെളിവുണ്ടെന്നും അതിനാലാണ് കസ്റ്റഡിയിലെടുക്കാത്തതെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി 5 വകുപ്പുകൾ ചേർത്താണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.