വേദിയിൽ കരഞ്ഞ് ദേവഗൗഡ; കരച്ചിൽ ഏറ്റെടുത്ത് മകനും കൊച്ചുമകനും; വിഡിയോ

hd-devegowda-hassan
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊച്ചുമകനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേദയിൽ കരഞ്ഞ് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ. വർഷങ്ങളായി ദേവഗൗഡ വിജയിച്ചുപോന്ന ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്കുവേണ്ടിയാണ് ദേവഗൗഡ ഒഴിഞ്ഞത്. ഇതുകണ്ട് വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയും കരഞ്ഞു.

കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുയരുന്നത് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ  വികാരഭരിതനായി കരഞ്ഞത്. ”ഞാന്‍ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല” -ദേവഗൗഡ പറഞ്ഞു.

മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാർഥി. മൈസൂരുവിലോ ബെംഗളൂരു നോര്‍ത്തിലോ താൻ മത്സരിക്കുമെന്നും ദേവഗൗഡ അറിയിച്ചു.‘നിഖിലിനെ മാണ്ഡ്യയില്‍ മത്സരിപ്പിക്കുന്നത് ജെ.ഡി.എസ് നേതാക്കളുടെ തീരുമാന പ്രകാരമാണെന്നും ദേവഗൗഡ പറഞ്ഞു. മാണ്ഡ്യയിൽ നിഖിൽ തിരിച്ചു പോകണമെന്ന് ആളുകൾ ആവശ്യപ്പെട്ടത് വേദനയുളവാക്കിയെന്നും കഴിഞ്ഞ 60 വര്‍ഷമായി ആര്‍ക്കു വേണ്ടിയാണോ ഞാന്‍ പോരാടിയത് അവരാണ് ഈ പറയുന്നതെന്നും’- ദേവഗൗഡ പറഞ്ഞു. ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചക്കെതിരെ ‘നിഖില്‍ പിന്മാറുക’ എന്ന സോഷ്യല്‍ മീഡിയ കാംപയ്ന്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു.

ദേവഗൗഡയുടെ കരച്ചില്‍ നാടകമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 2019ലെ തെരഞ്ഞെടുപ്പിലെ ആദ്യ നാടകമാണ് നടന്നത്. പ്രതിസന്ധിവരുമ്പോള്‍ കരച്ചില്‍ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ‘ദേവഗൗഡയുടേത് മുതലക്കണ്ണീരാണ്. ജനങ്ങളുടെ സഹതാപം നേടാനാണ് ദേവഗൗഡ ശ്രമിക്കുന്നത്. എന്നാല്‍, ഇത് വിജയിക്കില്ലെ’ന്ന് ബി.ജെ.പി. നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ ദേവഗൗഡ എന്തുകൊണ്ട് കരഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

മുതിർന്ന രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിലും പുറത്തും പ്രതിഷേധമുണ്ട്. ഇതോടൊപ്പം ജനതാദൾ -എസ് കുടുംബപ്പാർട്ടിയാണെന്ന ആരോപണവും ശക്തമായി. ഇതാണ് ദേവഗൗഡയുടെ കരച്ചിലിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്.

MORE IN INDIA
SHOW MORE