ആദ്യ വോട്ട് ആർക്കെന്ന് തീരുമാനിച്ചു; രാഹുലിന്റെ പരിപാടിക്കു ശേഷം വിദ്യാർഥിനികൾ; വിഡിയോ

students-stella-maris-college
SHARE

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകളും ആവേശത്തോടെയാണ്  വിദ്യാര്‍ഥികൾ സ്വീകരിച്ചത്. സ്റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും കയ്യടിയായിരുന്നു. പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു രാഹുല്‍ പെണ്‍കുട്ടികളുടെ ചോദ്യങ്ങളെ നേരിട്ടത്. 

രാഹുല്‍ ഗാന്ധിയുമായി നേരിട്ടു സംവാദത്തിലേര്‍പ്പെടാനും ചോദ്യങ്ങളുന്നയിക്കാനും  അവസരം ലഭിച്ച ആവേശത്തിലായിരുന്നു സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥിനികള്‍. വനിതാ സംവരണം, കശ്മീര്‍ പ്രശ്നം, റഫാല്‍ വിവാദം, തീവ്രവാദം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെല്ലാം രാഹുല്‍ ഗാന്ധിയുമായുള്ള സംവാദത്തില്‍ ചർച്ച ചെയ്യപ്പെട്ടു. 

‘ആദ്യമായാണ് ഞങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നത്.  ഒരു അടിത്തറ എന്ന നിലയ്ക്ക് ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്ന്, ആരാണ് തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തി എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന്’- വിദ്യാര്‍ത്ഥിനികളിൽ ഒരാൾ പറയുന്നു. രാഹുലിനെ ഭാവിയിലെ നേതാവ് എന്നാണ് വിദ്യാർഥിനികൾ അഭിസംബോധന ചെയ്തത്. 

എല്ലാ വിദ്യാർത്ഥികളെയും നേരിട്ടു കാണുവാനും ഓരോ ചോദ്യത്തിന് ഉത്തരം നൽകുവാനും രാഹുൽ കാണിച്ച ക്ഷമയെ പ്രകീർത്തിക്കുകയാണ് വിദ്യാർഥിനികൾ. രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാതിരുന്നിട്ടും രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാനും, ബന്ധപ്പെടുത്താനും കഴിയുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളോടൊപ്പം സെല്‍ഫിയെടുക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി പറയാനും തയ്യാറായി. ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. 

ചോദ്യം ചോദിക്കാനായി എഴുന്നേറ്റ പെൺകുട്ടി സർ എന്ന് അഭിസംബോധന ചെയതപ്പോൾ പെൺകുട്ടിയെ തിരുത്തിയ രാഹുലിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. തന്നെ സര്‍ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും, വിദ്യാര്‍ഥിനിയോട് രാഹുല്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. അതാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു. അസറ എന്ന പെണ്‍കുട്ടി ഇതുകേട്ട് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. മടിച്ചുമടിച്ച് രാഹുല്‍ എന്ന് വിളിച്ചപ്പോള്‍ കാതടിപ്പിക്കുന്ന കരഘോഷം മുഴങ്ങി.  

പ്രത്യേകം തയ്യാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടന്നാണ് രാഹുല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്. തന്റെ പതിവ് വേഷമായ വെളുത്ത കുർത്ത ഉപേക്ഷിച്ച് ടീ ഷർട്ടിലും ജീൻസിലുമാണ് രാഹുൽ കോളജിൽ എത്തിയത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ വച്ച് ആലിംഗനം ചെയ്യാനുണ്ടായ കാരണവും രാഹുല്‍ വിദ്യാർഥികളോട് വെളിപ്പെടുത്തി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.