'സർ’ എന്നുവിളിച്ചു; രാഹുല്‍ എന്നുവിളിക്കാമോ എന്ന് മറുപടി:'; കാതടിപ്പിച്ച് കയ്യടി: വിഡിയോ

rahul-gandhi-chennai-college
SHARE

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകളും ആവേശത്തോടെ സ്വീകരിച്ച് വിദ്യാര്‍ഥികൾ. സ്റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും കയ്യടിയായിരുന്നു. പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു രാഹുല്‍ പെണ്‍കുട്ടികളുടെ ചോദ്യങ്ങളെ നേരിട്ടത്. 

ചോദ്യം ചോദിക്കാനായി എഴുന്നേറ്റ പെൺകുട്ടി സർ എന്ന് അഭിസംബോധന ചെയതപ്പോഴാണ് കയ്യടി നേടിയ രാഹുലിന്റെ മറുപടി എത്തിയത്. തന്നെ സര്‍ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും, വിദ്യാര്‍ഥിനിയോട് രാഹുല്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. അതാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു. അസറ എന്ന പെണ്‍കുട്ടി ഇതുകേട്ട് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. മടിച്ചുമടിച്ച് രാഹുല്‍ എന്ന് വിളിച്ചപ്പോള്‍ കാതടിപ്പിക്കുന്ന കരഘോഷം. 

പ്രത്യേകം തയ്യാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടന്നാണ് രാഹുല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്. തന്റെ പതിവ് വേഷമായ വെളുത്ത കുർത്ത ഉപേക്ഷിച്ച് ടീ ഷർട്ടിലും ജീൻസിലുമാണ് രാഹുൽ കോളജിൽ എത്തിയത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ വച്ച് ആലംഗനം ചെയ്യാനുണ്ടായ കാരണവും രാഹുല്‍ വിദ്യാർഥികളോട് വെളിപ്പെടുത്തി.

‘പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതു ഞാൻ നന്നായി ശ്രദ്ധിച്ചു. അദ്ദേഹത്തോടു വ്യക്തിപരമായി എനിക്ക് ഒരു ശത്രുതയുമില്ല. അന്ന് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു, കോൺഗ്രസിനെതിരെ വളരെ മോശമായി സംസാരിച്ചു. പക്ഷേ, എന്റെ ഉള്ളിൽ അദ്ദേഹത്തോടു സ്നേഹം തോന്നി. ഈ മനുഷ്യനു ലോകത്തിന്റെ സൗന്ദര്യം കാണാൻ കഴിയുന്നില്ലല്ലോ എന്നും എന്റെ ഉള്ളിൽ തോന്നിയ സ്നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാർഥത്തിൽ എന്റെ മനസ്സിൽ മോദിയോടു സ്നേഹമാണ്,’’ നിറഞ്ഞ കയ്യടികൾക്കിടയിൽ രാഹുൽ പറഞ്ഞു.

ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുൽ നൽകിയത്. ഇത് കയ്യടിച്ചും ആർപ്പുവിളിച്ചും വിദ്യാർഥിനികൾ വരവേറ്റു. വനിതാ സംവരണ ബിൽ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു. പൊതുവെ സ്ത്രീകളാണു പുരുഷന്മാരെക്കാൾ സ്മാർട് എന്നാണ് തന്റെ അഭിപ്രായം. ഉത്തരം കേട്ടത്തോടെ വേദി പെൺകുട്ടികൾ കയ്യടിച്ചു. അഴിമതിക്കാരുടെ കൂട്ടത്തിൽ റോബർട്ട് വധ്രയുടെ പേരു പറയാത്തത് എന്ത് എന്ന് ഒരു വിദ്യാർഥിനി ചോദിച്ചപ്പോൾ നിയമം എല്ലാവർക്കും ഒരുപേലെയാണെന്നും വധ്രയുൾപ്പെടെയുള്ളവരുടെ കാര്യത്തിൽ അന്വേഷണം നടത്തും എന്നും രാഹുൽ പറഞ്ഞു.

പൂർണ്ണവിഡിയോ കാണാം

MORE IN INDIA
SHOW MORE