'ലാൻഡ് ചെയ്ത ഉടൻ വിളിക്കാം'; വിമാനം തകരുംമുന്‍പ് ശിഖ; നടുക്കം മാറാതെ ഭര്‍ത്താവ്

shikha-last-message-plane-crash
SHARE

'പ്ലെയിൻ ലാൻഡ് ചെയ്ത ഉടന്‍ വിളിക്കാം'-ശിഖയുടെ വിളി കാത്തിരുന്ന ഭർത്താവിനെ തേടിയെത്തിയത് ദുരന്തവാർത്ത. പറന്നുയർന്ന ഉടൻ തകർന്നുവീണ എത്യോപ്യന്‍ വിമാനത്തിൽ ഇന്ത്യക്കാരിയും ഐക്യരാഷ്ട്രസഭാ ഉപദേശകയുമായ ശിഖ ദാർഗുമുണ്ടായിരുന്നു. നയ്‌റോബിയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. 

മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പാരിസ് പരിസ്ഥിതി ഉടമ്പടി ചർച്ചകളിൽ ശിഖ പങ്കെടുത്തിരുന്നു.

ശിഖക്കൊപ്പം നയ്റോബിയിലേക്ക് പോകാനിരുന്നതാണ് സൗമ്യയും. ടിക്കറ്റുമെടുത്തിരുന്നു. അവസാന നിമിഷമാണ് ഔദ്യോഗിക ആവശ്യം മൂലം സൗമ്യ ടിക്കറ്റ് റദ്ദാക്കിയത്.  'ഞാൻ ഫ്ലൈറ്റിൽ കയറി. ലാൻഡ് ചെയ്യുമ്പോൾ വിളിക്കാം'- ശിഖ സൗമ്യക്കയച്ച അവസാന സന്ദേശം ഇങ്ങനെ. 

തിരികെ എന്തെങ്കിലും പറയും മുൻപെ, സുഹൃത്തിന്റെ വിളി വന്നു. ദുരന്തവാർത്ത കേട്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ സൗമ്യ നിന്നു. ശിഖ നയ്റോബിയിൽ നിന്ന് മടങ്ങിയെത്തിയാൽ അവധിക്കാല യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. 

കഴിഞ്ഞ ദിവസം ശിഖയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ സഹായം തേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ശിഖയുൾപ്പെടെ വിമാനാപകടത്തിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെയും കുടുംബങ്ങളുമായി സംസാരിച്ചതായി മന്ത്രി വ്യക്തമാക്കി. 

149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യൻ എയർലൈൻസ് വിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

MORE IN ENTERTAINMENT
SHOW MORE