മസൂദിനെ കിട്ടാന്‍ വിമാനറാഞ്ചൽ; വിലപേശൽ; ബിജെപി സർക്കാർ വഴങ്ങിയത് എങ്ങനെ?

masood-azhar-bjp-12-03
SHARE

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ മോചിപ്പിച്ച സംഭവം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം പാര്‍ട്ടികൾ. ഗുജറാത്തില്‍ ഇന്നത്തെ കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ ഉയര്‍ത്തിക്കാട്ടിയതും ഇതുതന്നെ. 1999ല്‍ മസൂദ് അസറിനെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം കൊഴുക്കുകയാണ്. 

1999ലാണ് കാഠ്മണ്ഡുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഭീകരർ കാണ്ഡഹാറിലേക്ക് റാഞ്ചിയത്. മസൂദിനെ മോചിപ്പിക്കാനായിരുന്നു ഈ വിമാന റാഞ്ചൽ. വിമാനത്തിലെ 150ഓളം യാത്രക്കാരെ ഭീകരർ ബന്ദികളാക്കി. ജയിലിലുള്ള അസറുൾപ്പെടെയുള്ള ഭീകരരെ മോചിപ്പിക്കണമെന്ന ഭീകരരുടെ ആവശ്യത്തിന് മുന്നിൽ അന്നത്തെ വാജ്പേയി സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് മൂന്ന് ഭീകരരെയും കൊണ്ട് കാണ്ഡഹാറിലേക്ക് പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചു. 

ഭീകരരുമായുള്ള വിലപേശലിന് നിയോഗിക്കപ്പെട്ടത് അന്ന് ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടറായിരുന്ന അജിത് ദോവൽ ആയിരുന്നു. അന്നത്തെ സംഭവങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ദോവൽ നല്‍കിയ അഭിമുഖം സീ ന്യൂസ് അവരുടെ സൈറ്റിൽ പുനപ്രസിദ്ധീകരിച്ചിരിക്കുകയാണ്. 

ദോവലിന്റെ വാക്കുകൾ: ഡിസംബർ 26ന് ഭീകരരുടെ കയ്യിൽ നിന്ന് ഇന്ത്യക്കാരെ എന്തുവിലകൊടുത്തും മോചിപ്പിക്കണമെന്ന് സർക്കാർ തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അത്രയധികം സമ്മർദ്ദം സർക്കാരിനുണ്ടായിരുന്നു. കാണ്ഡഹാറിൽ വെച്ച് ഭീകരരുമായി വയർലെസ് മുഖേന സംഭാഷണം തുടങ്ങി. ആവശ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നടക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 

35 ഭീകരരെ മോചിപ്പിക്കുക, 20 കോടി അമേരിക്കൻ ഡോളര്‍, കൊല്ലപ്പെട്ട ഭീകരൻ സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹം വിട്ടുനൽകുക തുടങ്ങിയവയാണ് അവർ ആദ്യം മുന്നോട്ടുവെച്ച ആവശ്യം. വിലപേശലുകൾ തുടരവെ 20 കോടി ഡോളറും സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹവും നല്‍കണമെന്ന ആവശ്യം അവര്‍ ഉപേക്ഷിച്ചു. ഇവ രണ്ടും സാധിക്കില്ലെന്നും അത് ആവശ്യപ്പെടുന്നത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭീകരരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് തങ്ങള്‍ നല്‍കിയ പട്ടികയിലുള്ള 35 ഭീകരരെ മോചിപ്പിക്കണമെന്ന് അവര്‍ കര്‍ശന നിലപാടെടുത്തു. അതിന് വഴങ്ങിയില്ലെങ്കില്‍ വിമാനമുള്‍പ്പെടെ സ്ഫോടനത്തിൽ തകര്‍ക്കുമെന്നും അവർ മുന്നറിയിപ്പ് നല്‍കി. 

ഒരു സൈനിക നടപടി അസാധ്യമായിരുന്നു. അഥവാ തുടങ്ങിയിരുന്നുവെങ്കിൽ തന്നെ ഭീകരർ അതിനുമുൻപെ വിമാനം തകർക്കുമായിരുന്നുവെന്നാണ് അന്ന് ദോവൽ പറഞ്ഞത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.