മസൂദിനെ കൈമാറിയത് അജിത്ത് ഡോവലെന്ന് അവരോട് പറയൂ മോദീ; കുരുക്കിട്ട് വീണ്ടും രാഹുല്‍

masood-ashar-rahul
SHARE

പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹ്മ്മദ് തലവൻ മസൂദ് അസ്ഹറിനെ ഇന്ത്യയിൽ നിന്ന് കാണ്ഡഹാറിൽ കൊണ്ടു പോയി മോചിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങളോട് പറയൂവെന്ന് മോദിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രം മാർക്ക് ചെയ്ത് ട്വീറ്റ് ചെയ്താണ് രാഹുൽ ആരോപണശരം തൊടുത്തത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തിൽ അജിത് ഡോവലിനെ രാഹുൽ പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. 

40 ധീരജവാൻമാരുടെ ജീവൻ കവർന്ന മസൂദിനെ ആരാണ് വിട്ടയച്ചതെന്ന് ജവാൻമാരുടെ കുടുംബത്തോട് മോദി പറയണം. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് അസ്ഹറിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കാൻ ഇടപാട് നടത്തിയ ആളാണെന്ന് അതിനൊപ്പം പറയണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

മോദിയോട് ഒറ്റ ചോദ്യം മാത്രം,. ആരാണ് പുൽവാമയിൽ സിആർപിഎഫ് ജവാൻമാരെ കൊന്നത്. ആരാണ് ആ കൊലയാളികളുടെ നേതാവ്. അയാളുടെ പേരാണ് മസൂദ് അസ്ഹർ. നിങ്ങളുടെ സർക്കാരാണ് അയാളെ മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചത്– രാഹുൽ പറഞ്ഞു. മോദി, താങ്കളെപ്പോലെയല്ല ഞങ്ങൾ  ഭീകരവാദത്തിനു മുന്നിൽ മുട്ടുമടക്കില്ല- രാഹുൽ പറഞ്ഞു.

മസൂദ് അസ്ഹർ എന്ന കൊടുംഭീകരനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡു–ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

മസൂദ് 1999ൽ ഇന്ത്യൻ ജയിലിൽനിന്നു മോചിതനായശേഷമാണു ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ ആയിരുന്നു. കശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്ഷെ മുഹമ്മദ് നടത്തിയത്.ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹർ, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്.

MORE IN INDIA
SHOW MORE