'മോദി ആക്രമിച്ചു; പാക്കിസ്ഥാൻ കരഞ്ഞുവിളിച്ചു'; ബിജെപി റാലിയില്‍ പ്രധാനമന്ത്രി

modi-balakot-up-10-03
SHARE

ബാലക്കോട്ട് ആക്രമണം വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‌മിന്നലാക്രമണം പ്രതീക്ഷിച്ച പാക്കിസ്ഥാനെ വായുവിലൂടെയാണ് ആക്രമിച്ചത്. ആക്രമണത്തെക്കുറിച്ച് നമ്മൾ മിണ്ടാതിരുന്നപ്പോൾ പാകിസ്താൻ ഉറക്കെ കരഞ്ഞ് എല്ലാവരെയും അറിയിക്കുകയായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ പൊതുറാലിയിൽ മോദി പറഞ്ഞു. 

‘മിന്നലാക്രമണം നടത്തിയപ്പോൾ, നാം രാജ്യത്തെ ആ വിവരം അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം നമ്മെക്കൊണ്ട് കഴിയുന്നത് നാം ചെയ്തു. പക്ഷേ മിണ്ടാതിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് പാക്കിസ്ഥാൻ‌ ട്വിറ്ററിൽ കരഞ്ഞ് നിലവിളിച്ചു. മോദി നമ്മെ ആക്രമിച്ചു, മോദി നമ്മെ ആക്രമിച്ചു എന്ന്. എന്നാൽ ചില മനുഷ്യർ, ഇന്ത്യയിൽ നിന്ന് ഭക്ഷണം കഴിച്ച്, പാക്കിസ്ഥാനെ സഹായിക്കുന്ന പരാമർശങ്ങൾ നടത്തി''-മോദി പറഞ്ഞു. 

''ദശാബ്ദങ്ങളായി നമ്മൾ ചെയ്യാതിരുന്ന കാര്യമാണ് നമ്മുടെ ധീരജവാന്മാർ പുൽവാമ ആക്രമണത്തിന് ശേഷം ചെയ്തത്. അവർ ഭീകരരെ ആക്രമിച്ചു. പുൽവാമക്ക് മറുപടിയായി മോദി മിന്നലാക്രമണം നടത്തുമെന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചു. അതിനെ നേരിടാനുള്ള സകല തയ്യാറെടുപ്പുകളും അവർ നടത്തി. പക്ഷേ നമ്മൾ വായുവിലൂടെ ആക്രമിച്ചു.''

ബാലക്കോട്ട് ആക്രമണം നടന്നതിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തെ മോദി വിമർശിച്ചു. ''ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. ഭീകരക്യാംപിൽ ആക്രമണം നടത്തിയെന്ന് വ്യോമസേനയും പറഞ്ഞു. എന്നിട്ടും ചില ആളുകള്‍ക്ക് സംശയമാണ്, അവർ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവർ പാക്കിസ്ഥാനെ സഹായിക്കുകയാണ്''-മോദി പറഞ്ഞു. 

''അവരുടെ ശരീരത്തിലൊഴുകുന്നത് ഭാരത രക്തമാണെന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടോ? സംശയങ്ങൾ ചോദിക്കാൻ ഇവർ ആരാണ്? നിങ്ങൾ ഇവരുടെ വാക്കുകളെ വിശ്വസിക്കുമോ''-മോദി ചോദിച്ചു. 

‌''മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പാക്കിസ്ഥാന് മനസ്സിലായി. പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരാക്രമണങ്ങളും സ്ഫോടനവും മുൻപും നടന്നിട്ടുണ്ട്. പക്ഷേ മുൻ സർക്കാരുകൾ ആഭ്യന്തരമന്ത്രിയെ മാറ്റുക മാത്രമാണ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളെ ആഭ്യന്തരമന്ത്രിയെ മാറ്റുക വഴിയാണോ നയമാറ്റം വഴിയാണോ നേരിടേണ്ടത്? ഞങ്ങൾ മാറ്റിയത് പഴയ നയങ്ങളെയാണ്''

രാജ്യം തകർക്കാൻ വരുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.