ഇന്ന് മോദി അജയ്യനല്ല; ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്ന കണക്ക് ഇങ്ങനെ

PTI3_2_2019_000013A
SHARE

2014 ല്‍ ഏവരെയും അമ്പരപ്പിച്ച വിജയവുമായി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയപ്പോള്‍ അദ്ദേഹത്തിന് രണ്ടാമൂഴം ലഭിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പക്ഷേ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ അജയ്യനായ മോദിയല്ല പോരാട്ടത്തിനിറങ്ങുന്നത്. മിഷന്‍ 273  എളുപ്പത്തില്‍ വിജയിക്കാനാവില്ല ബിജെപിക്കും നരേന്ദ്രമോദിക്കും. 5 വര്‍ഷത്തിനിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 8 ഇടത്ത് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ നിലനിര്‍ത്താനായത് രണ്ടെണ്ണം മാത്രം. ജയിച്ച രണ്ടിടത്ത് വോട്ടുവിഹിതം കുറയുകയും ചെയ്തു.

2014 ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 83 സീറ്റുകളില്‍ 63 എണ്ണവും എന്‍ഡിഎ സഖ്യം നേടി. എന്നാല്‍ 5 വര്‍ഷത്തിനിടെ കഥമാറി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്  ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 

ഈ പ്രവണത ലോക്സഭയില്‍ തുടര്‍ന്നാല്‍ 2014ല്‍ 25 സീറ്റും നേടിയ രാജസ്ഥാനില്‍ പാര്‍ട്ടി പതിമൂന്നിലേക്ക് ചുരുങ്ങും. മധ്യപ്രദേശിലെ ഇരുപത്തിയേഴ് പതിനേഴാകും. ഛത്തിസ്ഗഡിലെ പതിനൊന്നില്‍ പത്തിലും ജയസാധ്യത കുറവ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണ എണ്‍പതില്‍ എഴുപത്തിമൂന്ന് സീറ്റെന്ന മിന്നുന്നപ്രകടനം കാഴ്ചവയ്ക്കാനായി ബിജെപിക്ക്.  2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും  ഇതാവര്‍ത്തിച്ചു. പക്ഷേ ലോക്സഭയില്‍ എസ്പി ബിഎസ്പി മഹാസഖ്യം രൂപപ്പെട്ടതോടെ  50 സീറ്റുകളെങ്കിലും ബിജെപിക്ക് നഷ്ടപ്പെടും. വടക്ക് നേരിടാനിടയുള്ള തിരിച്ചടികളെ മറികടക്കാന്‍ പാര്‍ട്ടി നോട്ടമിട്ടിരിക്കുന്നത് കിഴക്കാണ്. 

പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡിഷ,ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 143 സീറ്റുകള്‍. ഭൂരിഭാഗവും കഴിഞ്ഞതവണ പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുതെളിയിച്ചവ. ഒഡിഷയില്‍ ഇക്കുറി  ബിജെഡിയുടെ കോട്ട തകര്‍ക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.  ബിജെപി 15 സീറ്റുകള്‍ വരെ  നേടിയേകേകാം. ബിഹാറില്‍  17 സീറ്റുകളില്‍ വീതം ബിജെപിയും ജെഡിയുവും ആറിടത്ത് എല്‍ഡെജിയുമാണ് മല്‍സരിക്കുക.  സീറ്റില്‍ തര്‍ക്കിച്ച് മുന്നണിവിട്ട ഉപേന്ദ്രകുശ്വാഹയുടെ ആര്‍.എല്‍.എസ്.പി ഇക്കുറി യുപിഎയുടെ ഭാഗമാണ് .  2014ല്‍ 22 സീറ്റുകളാണ് ബിഹാറില്‍  ബിജെപി നേടിയത്.  2014നു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചടുലമായ സഖ്യനീക്കങ്ങളിലൂടെ വടക്കുകിഴക്ക് കാലുറപ്പിക്കാന്‍ കഴിഞ്ഞു പാര്‍ട്ടിക്ക്. 

ആറ് സംസ്ഥാനങ്ങളിലും ഭരണത്തില്‍ പങ്കാളിത്തം നേടി. ആകെയുള്ള 25 ല്‍ 21 സീറ്റെങ്കിലും പിടിക്കണമെന്നാണ് അമിത് ഷായുടെ സ്വപ്നം. പക്ഷേ പൗരത്വബില്ലില്‍ ഘടകകക്ഷികള്‍ ഇടഞ്ഞത് തലവേദനയാണ്. പശ്ചിമബംഗാളില്‍ പ്രഖ്യാപിത ശത്രുവായ മമത ബാനര്‍ജിയുടെ വെല്ലുവിളി നേരിടാന്‍ സര്‍വ അടവും പയറ്റുംപാര്‍ട്ടി. 34 സീറ്റാണ് തൃണമൂലിന് നിലവിലുള്ളത് . ബിെജപിക്ക് രണ്ടും. നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും  മെല്ലെ പ്രകടനം മെച്ചപ്പെടുത്താന്‍ ബിജെപിക്കായി. ലോക്സഭയില്‍ രണ്ടക്കം എത്തണമെന്നാണ് കേന്ദ്രപാര്‍ട്ടിയുടെ നിര്‍ദേശം.  

മഹാരാഷ്ട്രയില്‍ 48ല്‍ 42 സീറ്റുകളാണ് കഴിഞ്ഞതവണ നേടിയത്.  ഇക്കുറി എന്‍ഡിഎ 40 തിലെത്തില്ലെന്നാണ് പ്രവചനം. 131 സീറ്റുള്ള ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ കര്‍ണാടകയിലാണ് പ്രതീക്ഷ. ഇത്തവണ 28ല്‍ ഉറപ്പിക്കാനാവുന്നത് പത്തു സീറ്റുകള്‍ മാത്രം. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ സഖ്യം മൂലം മൂന്നുമുതല്‍ നാലു സീറ്റുവരെ ലഭിച്ചേക്കാം. തനിച്ച് മല്‍സരിക്കുന്ന ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ ഒരു സീറ്റെങ്കിലും ജയിച്ചാല്‍ അത് ബോണസാണ്. 

MORE IN INDIA
SHOW MORE