മോദിയെ തോല്‍പിക്കാന്‍ ‘ഒറ്റക്കെട്ട്’; പക്ഷേ ഇനിയും പിറക്കാന്‍ മടിച്ച് ആ ‘മഹാസഖ്യം’

congress-opposition
SHARE

മോദിയെ വീഴ‍്‍ത്താന്‍ തുന്നിച്ചേര്‍ത്ത വിശാല സഖ്യം പ്രായോഗികമാക്കാനാകാതെ പ്രതിപക്ഷം. മോദിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമ്പോഴും സ്വന്തം ശക്തികേന്ദ്രങ്ങളില്‍ പ്രധാന പാര്‍ട്ടികളും പ്രാദേശിക കക്ഷികളും വിട്ടുവീഴ്ചകള്‍ക്ക് തയാറല്ല.  തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന നിലപാടാണ് മിക്ക കക്ഷികളും അനൗദ്യോഗികമായി സ്വീകരിച്ചിട്ടുള്ളത്. 

ഐകമത്യം മഹാബലം എന്ന തന്ത്രം പയറ്റി മോദിയെ വീഴ്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. എന്നാല്‍ പല സംസ്ഥാനങ്ങളിലെയും പരമ്പരാഗത ശത്രുത മഹാസഖ്യത്തില്‍ തുടക്കത്തിലെ കല്ലുകടിയായി. കേരളത്തില്‍ ശത്രുക്കളായ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബംഗാളില്‍ മമതയുടെ തൃണമൂലിനെതിരെ  ധാരണയോടെ നീങ്ങും. മമതയും വിശാലസഖ്യത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം സംസ്ഥാനത്ത് ഐക്യം സാധ്യമല്ല. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ആര്‍.എല്‍.ഡിയും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ബിഹാറില്‍ ആര്‍.ജെ.ഡി–കോണ്‍ഗ്രസ് സഖ്യം എസ്.പിയെയും ബി.എസ്.പിയെയും ഒപ്പം കൂട്ടാന്‍ കൂട്ടാക്കിയിട്ടുമില്ല. ഇവിടെ ഇടതുപാര്‍ട്ടികളും മഹാസഖ്യത്തിന്റെ ഭാഗമായേക്കും. ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാള്‍ സഖ്യത്തിന് തയാറായെങ്കിലും കോണ്‍ഗ്രസ് കൈവിട്ടു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്‍ക്ക് നീങ്ങിയേക്കും. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കും. 

ചന്ദ്രബാബുനായിഡവും രാഹുല്‍ഗാന്ധിയും ഡല്‍ഹിയില്‍ തൊട്ടുരുമി നടക്കുമെങ്കിലും ആന്ധ്രയില്‍ ഇരുപാ‍ര്‍ട്ടികളും അകല്‍ച്ചയിലാണ്. തെലങ്കാനയില്‍ ടി.ഡി.പി കോണ്‍ഗ്രസ് മഹാകൂട്ടമി നേരത്തെ പരാജയപ്പെട്ടിരുന്നു.

തമിഴ്നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഉറപ്പാക്കിയത് കരുത്തായി. സഖ്യം കൂടി സ്വന്തം വിലപേശല്‍ ശക്തി ചോര്‍ത്തികളയാന്‍ മിക്ക കക്ഷികളും തയാറല്ല.  ഫലത്തില്‍ മഹാസഖ്യത്തിന്റെ യഥാര്‍ത്ഥ രൂപം തിരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകു എന്ന് ഉറപ്പായി.   

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.