അമേരിക്കക്ക് പാകിസ്ഥാനിലെത്തി ഒസാമയെ കൊല്ലാമെങ്കില്‍ ഇന്ത്യക്കും ആകാം: കേന്ദ്രം

arun-jaitley
SHARE

14–ാം തീയതി പുൽവാമയിൽ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദി ക്യാംപുകൾ ഇന്ത്യ തകർത്തത് അനിവാര്യമായ തിരിച്ചടിയെന്നാണ് ഉന്നതരുൾപ്പടെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പാകിസ്ഥാന്‍ തുടങ്ങിവെച്ച ആക്രമണത്തിന് മറുപടി നൽകിയിരിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. തിരിച്ചടിക്കാൻ ഒരാഴ്ച എടുത്തത് പോലും നീണ്ട കാലവധിയാണെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. 

പാകിസ്ഥാനിലെ അബോട്ടാബാദിൽ കടന്നുകയറിയാണ് യുഎസ് ഒസാമ ബിൻലാദനെ പിടികൂടി കൊല്ലുന്നത്. യുഎസിന് അങ്ങനെ ചെയ്യമെങ്കിൽ ഇന്ത്യയ്ക്കും ചെയ്യാം എന്നാണ് അരുൺജയ്റ്റ്ലിയുടെ മറുപടി. അമേരിക്കയ്ക്ക് പാകിസ്ഥാനിലെത്തി ഒസാമയെ കൊല്ലാമെങ്കിലും ഇതുപോലെയുളളതും സംഭവിക്കാം എന്നും അരുൺജയ്റ്റ്ലി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.14–ാം തീയതി പുൽവാമയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.  

ഇതിനിടെ, പാകിസ്ഥാന്‍ വ്യോമസേന അതിര്‍ത്തി കടന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു‍. സൈനിക കേന്ദ്രങ്ങളെ ലക്ഷമാക്കിയുളള നീക്കം വിഫലമാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ ഭീകരരെ ആക്രമിച്ചതിനുള്ള പ്രതികാരമാണ് പാകിസ്ഥാന്‍റെ നടപടി. ഒരു പാക് പോര്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു. വിമാനം വീണത് പാക് ഭൂപ്രദേശത്തെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

പാകിസ്ഥാന്‍ ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നെന്നും പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യവക്താവ് രവിഷ് കുമാര്‍ വ്യക്തമാക്കി. പൈലറ്റിനെ തടവിലാക്കിയെന്ന പാകിസ്ഥാന്റെ വാദം പരിശോധിക്കുന്നു. മിഗ് 21 ബൈസണ്‍ വിമാനമാണ് കാണാതായത്. 

ഭീകരതയെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണത്തോട് സഹകരിക്കും. സൈനികനടപടികള്‍ പരിധിവിട്ടാല്‍ ആരുടേയും നിയന്ത്രണത്തില്‍ നില്‍ക്കില്ല. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. 

പാകിസ്ഥാനുമായുള്ള പ്രശ്നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ. ജയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നില്‍ക്കരുതെന്ന് വാങ് യിയുമായുള്ള ചര്‍ച്ചയില്‍ സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു.

ഇന്ത്യയും പാകിസ്ഥാനും കൂടുതല്‍ സൈനികനടപടികളിലേക്ക് പോകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയേയും ഫോണില്‍ വിളിച്ചാണ് യുഎസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടി വേണമെന്ന് പോംപെയോ ഖുറേഷിയോട് ആവശ്യപ്പെട്ടു. മേഖലയില്‍ ശാന്തിയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് വിദേശകാര്യസെക്രട്ടറി ഓര്‍മിപ്പിച്ചു. ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള പിന്തുണ സുഷമ സ്വരാജുമായുള്ള സംഭാഷണത്തില്‍ പോംപെയോ ആവര്‍ത്തിച്ചു.

MORE IN INDIA
SHOW MORE