ചെറുപാർട്ടികളെ വലയിലാക്കാൻ യുപി

priyanka-gandhi45
SHARE

പ്രിയങ്ക ഗാന്ധിയുടെ വരവോടെ അടവും തന്ത്രവും മാറിയ യുപിയിലെ  പോര്‍ക്കളത്തില്‍ പരമാവധി മുതലെടുപ്പിന് ഒരുങ്ങുകയാണ് ചെറുപാര്‍ട്ടികള്‍. ശക്തമായ മല്‍സരം ഉറപ്പായതോടെ  ചെറുപാര്‍‌ട്ടികളെ  ഏതുവിധേനയും ഒപ്പംകൂട്ടാന്‍ പാടുപെടുകയാണ് പ്രമുഖരെല്ലാം.

ബിജെപിയും എസ്പി–ബിഎസ്പി സഖ്യത്തിനുമൊപ്പം കോണ്‍ഗ്രസും ഇപ്പോള്‍ ചിത്രത്തിലുണ്ട്. പോരാട്ടം കഠിനം. വോട്ടുതരുന്ന  ആരെയും ഒപ്പം കൂട്ടുക എന്നതാണ് പുതിയതന്ത്രം. യുപി രാഷ്ട്രീയത്തില്‍  ഇതുവരെ അപ്രസക്തരായിരുന്ന ചെറുപാര്‍ട്ടികള്‍ക്കാണ് പെട്ടെന്ന് ലോട്ടറിയടിച്ചത്. എന്‍ഡിഎയില്‍ രണ്ടു എംപിമാരും ഒരു മന്ത്രിയുമുള്ള അപ്്നാദള്‍ ആദ്യവെടി പൊട്ടിച്ചത്. ബിജെപിയുമായുള്ള സഖ്യമാണ് യുപിയില്‍ അവര്‍ക്ക് മേല്‍വിലാസമുണ്ടാക്കിയതെങ്കിലും ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വാര്‍ത്ത. പിന്നാക്ക വിഭാഗമായ കുര്‍മികള്‍ക്ക്  നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയെ പിണക്കാതിരിക്കാന്‍ നേതാക്കളായ അനുപ്രിയ സിങ് പട്ടേലും ആശിഷ് പട്ടേലുമായി അമിത് ഷാ 28ന് ചര്‍ച്ച നടത്തും. പടിഞ്ഞാറന്‍ യുപിയില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദളും കിഴക്കന്‍ യുപിയില്‍ സ്വാധീനമുള്ള സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും തങ്ങളുടെ സാധ്യതകളെക്കുറിച്ച് വീരവാദം മുഴക്കിത്തുടങ്ങി. മോദി തരംഗത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാത്ത ആര്‍എല്‍ഡിക്ക് എസ്പി, ബിഎസ്പി സഖ്യത്തോടാണ് ചായ്്വ്.

 അഞ്ചുസീറ്റ് തന്നാല്‍ സഖ്യത്തോടൊപ്പം നില്‍ക്കാം എന്നാണ് വിലപേശല്‍. ബിജെപിയും ഇക്കുറി ആരെയും നിസാരരായി കാണുന്നില്ല.  തുറന്നു വിമര്‍ശിക്കുന്ന എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭറിനെപ്പോലും പിണക്കുന്നില്ല. നിഷാദ് പാര്‍ട്ടിക്കും പീസ് പാര്‍ട്ടിക്കും സഖ്യത്തിലെ സ്വന്തം ക്വോട്ടയില്‍ നിന്ന് സീറ്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് സമാജ്്വാദി പാര്‍ട്ടി. എസ്പിയില്‍ നിന്ന് ഇടഞ്ഞ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ശിവ് പാല്‍ യാദവിന്‍റെ പിഎസ്പിഎല്ലാകട്ടെ കോണ്‍ഗ്രസുമായി സജീവചര്‍ച്ചകളിലാണ്.  ജാതി അടിസ്ഥാനത്തില്‍ രൂപീകൃതമായ പലപാര്‍ട്ടികള്‍ക്കും പല മണ്ഡലങ്ങളും സ്വാധീനമുള്ളതുകൊണ്ട് കൃത്യമായി മനസിലാക്കിത്തന്നെയാണ് ചെറുമീനുകള്‍ക്കായുള്ള ഈ വലവീശല്‍.

MORE IN INDIA
SHOW MORE