സ്വർണവളകൾ വിറ്റ് പ്രിൻസിപ്പൽ, 6 ലക്ഷം നല്‍കി യാചകസ്ത്രീ; ജവാന്മാർക്കായി കൈകോർത്ത് നാട്

pulwama-terrorist-attack
SHARE

ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി നേരിടാമെന്നുറച്ച് മുന്നോട്ടുനീങ്ങുകയാണ് ഇന്ത്യൻ ജനത. പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നു രാജ്യം ഒന്നടങ്കം വിളിച്ചു പറഞ്ഞു. വിളിച്ചുപറയുക മാത്രമല്ല,  പ്രവൃത്തിയിലും അതു തെളിയിക്കുകയാണ് നാം. 

അച്ഛൻ സമ്മാനമായി നൽകിയ സ്വർണവള വിറ്റു ജവാന്മാരുടെ കുടുംബത്തിനു സഹായം നൽകി മാതൃകയായി കിരൺ ജാഗ്വാൾ എന്ന യുവതി. ഉത്തർപ്രദേശിലെ ബറേലിയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ കിരൺ വള വിറ്റു കിട്ടിയ 1,38,387 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

'ജവാന്മാരുടെ ഭാര്യമാർ കരയുന്നതു കണ്ടപ്പോൾ എന്നെ കൊണ്ട് എന്തു ചെയ്യാൻ സാധിക്കുമെന്നാണു ചിന്തിച്ചത്. എന്റെ കയ്യിൽ വള കിടന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അതു വിറ്റു. ആ പണം ദുരിതാശ്വാസ നിധിയിലേക്കു നൽകി. അച്ഛൻ സമ്മാനമായി നൽകിയതായിരുന്നു ആ വളകൾ'– കിരൺ  എഎൻഐയോടു പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ആ കുടുംബങ്ങൾക്ക് ആശ്വസമേകാൻ സാധിക്കും. എല്ലാവരും ജവാന്മാരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ മുന്നോട്ടു വരണമെന്നു കിരണ്‍ അഭ്യർഥിക്കുന്നു.

രാജസ്ഥാനിലെ അജ്മീറിൽ യാചകയായിരുന്ന നന്ദിനി എന്ന യുവതിയുടെ സമ്പാദ്യമായി 6.61 ലക്ഷം രൂപയും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കു നൽകാനാണു തീരുമാനം. 2018 ആഗസ്റ്റിൽ മരണമടഞ്ഞ നന്ദിനി തന്റെ സമ്പാദ്യം രാജ്യത്തിനു വേണ്ടി ഉപയോഗിക്കണമെന്നു വിൽപത്രത്തിൽ എഴുതി വച്ചിരുന്നു. എല്ലാ ദിവസവും യാചിച്ചു കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിച്ചാണ് ആറു ലക്ഷം സമ്പാദിച്ചത്. 

സമ്പാദ്യത്തിനു ട്രസ്റ്റികളായി രണ്ടു പേരെ നിർദേശിച്ചിരുന്നു. രാജ്യത്തിനു നഷ്ടമായ ധീര ജവാന്മാരുടെ കുടുംബാംഗങ്ങൾക്കു നൽകി ഈ പണം അർഹതപ്പെട്ട കൈകളിൽ എത്തിക്കാൻ ട്രസ്റ്റികൾ തീരുമാനിക്കുകയായിരുന്നു.

യുപിയിലെ പൊലീസുകാരനായ ഫിറോസ് ഖാന്‍ നഗരത്തിലെ ഓരോ കടകളിലും വീടുകളിലും കയറി ഇറങ്ങിയാണ് ജവാന്മരുടെ കുടുംബത്തിനു വേണ്ടി സഹായം അഭ്യർഥിക്കുന്നത്.

MORE IN INDIA
SHOW MORE