ബിഹാറില്‍ ഇക്കുറി തീപാറും

bihar-bj-jdu33
SHARE

ബിഹാറില്‍ ഇക്കുറി തീപാറും. ഹിന്ദി മണ്ണില്‍ ബിജെപി, മുന്നണി രാഷ്ട്രീയം ഏറ്റവും ഫലപ്രദമായി പയറ്റുന്ന സംസ്ഥാനമാണ് ബിഹാര്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ആര്‍ജെഡിയുടെ കരുത്തില്‍ പോരാട്ടത്തിനിറങ്ങുന്ന വിശാലസഖ്യവും തമ്മിലാണ് പോരാട്ടം. മോദിയുടെ തലയെടുപ്പിനൊപ്പം നിതീഷ് കുമാറിന്‍റെ ജനകീയതയും എന്‍.ഡി.എയുടെ പ്ലസ് പോയിന്‍റുകളാണ്. ബിഹാറിലെ തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങിനെ.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങളുടെ പരീക്ഷണശാലയാണ് ബിഹാര്‍. 40 ലോക്സഭാ സീറ്റുകള്‍. ബിജെപി, ജെഡിയു, എല്‍.ജെ.പി സഖ്യം ഒരുവശത്ത്. ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീകക്ഷികളുടെ മുന്നണി മറുവശത്ത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇങ്ങിനെ. നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ച പോരാട്ടത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടി. സഖ്യകക്ഷികളായ എല്‍.ജെ.പി ആറ് സീറ്റുകളും ആര്‍.എല്‍.എസ്.പി മൂന്ന് സീറ്റുകളും നേടി. തനിച്ച് മല്‍സരിച്ച ജെഡിയുവിന് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ആര്‍.ജെ.ഡി നാല് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ടു സീറ്റുകളിലും ജയിച്ചു. ബഹാറിന്‍റെ മണ്ണില്‍ ചിത്രം ഏറെ മാറി. ലാലുപ്രസാദ് യാദവിനൊപ്പം നിന്ന് ബിജെപിയെ വീഴ്ത്താന്‍ വിശാലസഖ്യം ഒരുക്കിയ നിതീഷ് കുമാര്‍ കൂടാരം വിട്ടു. മോദിക്കൊപ്പം കൈകൊടുത്തു. 

മോദിക്കൊപ്പമുണ്ടായിരുന്ന ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്‍വാഹ പ്രതിപക്ഷനിരയിലേയ്ക്ക് ചുവടുമാറ്റി. മുന്നണി രാഷ്ട്രീയം ഏറ്റവും കരുതലോടെ ബിജെപി പയറ്റാനൊരുങ്ങുന്ന സംസ്ഥാനമാണ് ബിഹാര്‍. മോദിക്കൊപ്പമോ അല്ലെങ്കില്‍ ഒരുപടി മേലെയോ നിതീഷ് കുമാറിന് പ്രധാന്യമുണ്ട്. കലഹങ്ങള്‍ക്കൊടുവില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതം മല്‍സരിക്കും. റാംവിലാസ് പസ്വാന്‍റെ എല്‍.ജെ.പി ആറ് സീറ്റില്‍ ജനവിധി തേടും. ബിജെപി – ജെഡിയു – എല്‍ജെപി സഖ്യം വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. 2009 ല്‍ ബിജെപി ജെഡിയു സഖ്യം 32 സീറ്റുകള്‍ നേടിയിരുന്നു. സാമുദായിക സമവാക്യങ്ങള്‍ നോക്കിയാല്‍ മുന്നാക്ക വിഭാഗങ്ങളും കുര്‍മികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരും എന്‍ഡിഎയ്ക്കൊപ്പം നിന്നേക്കും. യാദവരും ന്യൂനപക്ഷങ്ങളും പട്ടിക വിഭാഗങ്ങളും വിശാലസഖ്യത്തെ തുണച്ചേക്കും.  

MORE IN INDIA
SHOW MORE