യുപിയിൽ അപ്നാ ദള്‍ ഉടക്കുന്നു; മോദിക്ക് പുതിയ 'തലവേദന'

modi-apna
SHARE

ത്രികോണമല്‍സരത്തിന് കളമൊരുങ്ങിയ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദനയായി മുന്നണിയിലെ പടലപ്പിണക്കങ്ങള്‍. സഖ്യകക്ഷികളുടെ  അഭിപ്രായം പരിഗണിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അപ്നാ ദള്‍ രംഗത്തെത്തി. സമ്മര്‍ദം ചെലുത്തി കൂടുതല്‍ സീറ്റ് നേടുക തന്നെ ലക്ഷ്യം.  

മിര്‍സാപുര്‍, പ്രതാപ്ഘഡ് എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിയുടെ കൈയ്യില്‍ ഉള്ളതെങ്കില്‍കൂടി കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പല മണ്ഡലങ്ങളിലും അപ്നാ ദളിന് സ്വാധീനം ഉണ്ട്. ബിഎസ്പി–എസ്.പി സഖ്യം സൃഷ്ട്ടിച്ച വെല്ലുവിളിയും പ്രിയങ്ക ഗാന്ധിയുടെ വരവോടെ പുതിയ ഊര്‍ജം നേടിയ കോണ്‍ഗ്രസും കളംനിറച്ച ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഓരോ സീറ്റുകളും ബിജെപിക്ക് നിര്‍ണായകമാണ്. ഇത് തിരിച്ചറിഞ്ഞ് പരമാവധി വിലപേശുകയാണ് അപ്നാ ദള്‍. 

കേന്ദ്രമന്ത്രിയും അപ്നാ ദള്‍ നേതാവുമായ അനുപ്രിയ പട്ടേലിന്റെ വാക്കുകളില്‍ കാര്യം വ്യക്തം. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണ് അപ്നാ ദള്‍ എന്ന് ബിജെപി സംസ്ഥാന നേതൃത്വം ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്ന് അനുപ്രിയ പട്ടേല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുമായി സീറ്റുത്തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടി അധ്യക്ഷനും അനുപ്രിയ പട്ടേലിന്റെ ഭര്‍ത്താവുമായ അശിഷ് പട്ടേല്‍  നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും പറഞ്ഞു. വിലപേശല്‍ ആരംഭിച്ച അപ്നാ ദളിന്റെ നടപടിയില്‍ ബിജെപിയും ഒട്ടും തൃപ്തരല്ലെന്നാണ് വിവരം. 1995ല്‍ രൂപീകരിച്ച പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗമായ കുര്‍മിസ് സമുദായത്തിനിടയില്‍ സ്വാധീനമുണ്ട്. 

MORE IN INDIA
SHOW MORE