സഖ്യമില്ലെങ്കില്‍ ‘പണി പാളും’; കോണ്‍ഗ്രസിനെ വീണ്ടും ഓര്‍മിപ്പിച്ച് കെജ്‌‌രിവാള്‍

arvind-kejriwal
SHARE

ബിജെപിക്കെതിരായ വിശാല സഖ്യത്തിന്റെ ആവശ്യകത കോൺഗ്രസിനെ ഓർമിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. സഖ്യത്തിന് കോണ്‍ഗ്രസ് തയാറായാല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. ബിജെപിക്കെതിരെ ഒന്നിലധികം മല്‍സരാര്‍ഥികള്‍ ഉണ്ടാകുന്നത് വോട്ട് വിഭജിച്ചുപോകാന്‍ കാരണമാകുമെന്നും കേജ്‍രിവാള്‍ അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടിക്ക് മുമ്പില്‍ നിലവിലെ പ്രധാനവെല്ലുവിളി ബിജെപിയാണ്. പൊതുശത്രുവെന്നനിലയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കാനുള്ള സന്നദ്ധത പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ പലക്കുറി ആവര്‍ത്തിച്ചതാണ്. 

കഴിഞ്ഞദിവസം ചാന്ദിനി ചൗക്കില്‍ നടന്ന റാലിയില്‍ സഖ്യത്തിന്റെ പ്രാധാന്യം കേജ്‍രിവാള്‍ വീണ്ടും ഓര്‍മിപ്പിച്ചു.  രാജ്യതലസ്ഥാന മേഖലയില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെന്ന സര്‍വേ ഫലങ്ങളാണ് കൈപിടിക്കാന്‍ പ്രധാനമായും ആം ആദ്മിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത എതിർപ്പാണ് പ്രധാന പ്രതിസന്ധി. മുൻ മുഖ്യമന്ത്രിയും ഡി.പി.സി.സി പ്രസിഡന്റുമായ ഷീലാ ദീക്ഷിത് ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു. 

പാർട്ടിക്ക് അധികാരം നഷ്ടപ്പെടാൻ കാരണക്കാരായവരുമായി കൈക്കോർക്കുന്നത് ആത്മഹത്യാപരമാണെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു. മുൻ പി.സി.സി അധ്യക്ഷന്‍ അജയ് മാക്കന്റെ രാജിയും വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ സഖ്യമില്ലാതെ വന്നാൽ  പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന കേജ്‍രിവാളിന്റെ  മുന്നറിയിപ്പ് അവഗണിക്കാനും കോൺഗ്രസ് ദേശീയ നേതൃത്വം തയാറല്ല.  അടുത്തദിവസം നടക്കുന്ന വിശാല പ്രതിപക്ഷ കൂട്ടായ്മയില്‍ സമ്മര്‍ദം ശക്തമാക്കാനാണ് ആം ആദ്മി പാര്‍ട്ടി നീക്കം.  

MORE IN INDIA
SHOW MORE