പ്രതിപക്ഷവോട്ടുകള്‍ വെട്ടിമാറ്റിയെന്ന് ആരോപണം; ചന്ദ്രബാബു നായിഡുവിനെതിരെ പ്രതിപക്ഷം

andra-pradesh-voters-list
SHARE

വോട്ടര്‍പ്പട്ടികയില്‍ സര്‍വത്രക്രമക്കേടെന്ന് ആന്ധ്രയിലെ പ്രതിപക്ഷപാര്‍ട്ടികള്‍. ഭരണവിരുദ്ധവികാരം മറികടക്കാന്‍ പ്രതിപക്ഷവോട്ടുകള്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വെട്ടിമാറ്റുന്നുവെന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു.

കടുത്ത രാഷ്ട്രീയ അഗ്നിപരീക്ഷ നേരിടുന്ന ചന്ദ്രബാബു നായിഡുവിന് മുന്നില്‍  ഒരുപിടി വികസനപ്രശ്നങ്ങള്‍ മൂര്‍ച്ചയേറിയ ചോദ്യങ്ങളായി ഉയര്‍ത്തുന്നുണ്ട് പ്രതിപക്ഷം. നാലുവര്‍ഷം നരേന്ദ്രമോദിയുമായി കൈകോര്‍ത്തതും അവസാനവര്‍ഷം വഴിപിരിഞ്ഞതുമെല്ലാം ചോദ്യങ്ങളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ. ഇതിനിടയിലാണ് സംസ്ഥാനത്തെ മുഖ്യ എതിരാളികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വോട്ടര്‍പ്പട്ടികയിലെ രാഷ്ട്രീയമായ കടുംവെട്ടുകള്‍  ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. രാഷ്ട്രീയപ്രതിയോഗികളുടെ വോട്ടുകള്‍ നായിഡു സര്‍ക്കാര്‍ വ്യാപകമായി വെട്ടിമാറ്റിയെന്നാണ് ആരോപണം. 

 വെറുതെ വെട്ടുകയല്ല. സംസ്ഥാനവ്യാപകമായി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് സര്‍വെ നടത്തിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കും എന്ന് ഉറപ്പുള്ളവരുടെ വോട്ടുകള്‍ തിരിച്ചറിഞ്ഞ് വെട്ടിനീക്കിയെന്ന  ഗുരുതരമായ ആരോപണമാണ് ജഗന്‍മോഹന്‍ റെഡ്ഡിയും പാര്‍ട്ടിയും ഉന്നയിക്കുന്നത്. 52.67 ലക്ഷം വോട്ടുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തുവെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ദുരുപയോഗിച്ചെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആരോപിച്ചു. 

ഒരു ബൂത്തില്‍ നിന്ന് ശരാശരി നൂറുമുതല്‍ 150 വോട്ടുകള്‍ വരെ നീക്കം ചെയ്തെന്ന് തെളിവുകള്‍ ഉദ്ധരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തുകഴിഞ്ഞു. നീക്കം ചെയ്തതിന് ആനുപാതികമായി പുതിയ വോട്ടുകള്‍ തിരുകിക്കയറ്റിയെന്നും പരാതിയിലുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിലും പക്ഷപാതപരമായ സമീപനംകാട്ടിയെന്നാരോപിച്ച് ഗവര്‍ണര്‍ക്കും പ്രതിപക്ഷം പരാതി നല്‍കി. വോട്ട് നഷ്ടപ്പെട്ട പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി ആത്മാഹുതി അടക്കമുള്ള സമരങ്ങള്‍ നടത്തിയും വിഷയം ആളിക്കത്തിക്കാനുള്ള പരിപാടികള്‍ക്കും പ്രതിപക്ഷം രൂപംനല്‍കിക്കഴിഞ്ഞു.

MORE IN INDIA
SHOW MORE