കോപ്പിയടിക്കാന്‍ നാണമില്ലേ; സ്റ്റാലിനെതിരെ ആ‍ഞ്ഞടിച്ച് കമലഹാസൻ

kamal-haasan-dmk
SHARE

ഡിഎംകെയെയും എം.കെ.സ്റ്റാലിനെയും  രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. എം.കെ.സ്റ്റാലിന്‍ നടത്തുന്ന ഗ്രാമസഭ തന്‍റെ പാര്‍ട്ടി പരിപാടിയുടെ കോപ്പിയടിയാണ്. ഇന്നലെ വന്ന പാര്‍ട്ടിയില്‍ നിന്നും ആശയങ്ങള്‍ കോപ്പിയടിക്കാന്‍ നാണമില്ലേയെന്നും കമല്‍ഹാസന്‍

ഗ്രാമസഭകളിലൂടെ കമല്‍ഹാസന്‍ ജനങ്ങളുമായി സംവദിക്കുന്ന പരിപാടി മക്കള്‍ നീതി മയ്യം നടപ്പിലാക്കി വരികയായിരുന്നു. അതിനിടെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെയും ഗ്രാമസഭകള്‍ തുടങ്ങി. സ്റ്റാലിന്‍ സംസ്ഥാന വ്യാപകമായി യാത്രയും തുടങ്ങി. ഇതിനെയാണ് കമല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

രണ്ട് വര്‍ഷം മുമ്പ് നിമയസഭയില്‍ നടന്ന കയ്യാങ്കളിക്കൊടുവില്‍ കീറിയ ഷര്‍ട്ടുമായി പുറത്തേക്ക് വന്ന സ്റ്റാലിന്‍റെ ചരിത്രം ചൂണ്ടിക്കാട്ടിയും കമല്‍ഹാസന്‍ കണക്കിന് പരിഹസിച്ചു. ഇത്തരത്തിലുള്ള തരംതാണ നാടകങ്ങള്‍ തന്നില്‍ നിന്ന് തമിഴ്ജനതയ്ക്ക് കാണേണ്ടിവരില്ല.

ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ കമല്‍ഹാസനെ ബിജെപി ഏജന്‍റായി മുദ്രകുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ലേഖനം വന്നിരുന്നു. ഇതിന്‍റെ പ്രതിഷേധം കൂടിയാണ് ഉലകനായകന്‍റെ വിമര്‍ശനം.

MORE IN INDIA
SHOW MORE