ബിഹാര്‍ പാക്കേജ് എവിടെ? നിതീഷ് കുമാറിനെതിരെ ചോദ്യങ്ങളുമായി തേജ്വസി യാദവ്

Tejashwi-Yadav-Nitesh
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തിന് പിന്നാലെ രാഷ്ട്രീയപ്പോര് ശക്തമാകുന്നു. ബിഹാറുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ എവിടെയെന്ന ചോദ്യവുമായി ആര്‍ജെഡി നേതാവ് തേജ്വസി യാദവ് രംഗത്തെത്തി. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയത്.  

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിഹാറില്‍ ആര്‍.ജെ.ഡി–കോണ്‍ഗ്രസ് സഖ്യവും ബിജെപി–ജെ.ഡി.യു സഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മഹാസഖ്യംവിട്ട് എന്‍ഡിഎയിലേക്ക് തിരിച്ചുപോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിടാതെപിടിച്ചിരിക്കുകയാണ് ലാലുപ്രസാദ് യാദവിന്റെ മകന്‍. മോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തിന് പിന്നാലെ രാഷ്ട്രീയ പങ്കാളിയായ നിതീഷ് കുമാറിനെ ചോദ്യങ്ങളുമായി കടന്നാക്രമിക്കുകയാണ് തേജ്വസി യാദവ്. 

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ബിഹാര്‍ പാക്കേജ് എവിടെയെന്ന് ചോദിച്ച തേജ്വസി, ബിഹാറിന് അനുവദിച്ച് എയിംസ് എവിടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും നല്‍കാമെന്നേറ്റ പതിനഞ്ച് ലക്ഷം രൂപയും രണ്ടുകോടി തൊഴിലും എവിടെയെന്ന് പ്രധാനമന്ത്രിയോടെ ചോദിക്കണമെന്ന് തേജ്വസി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. മഹാസഖ്യത്തിനൊപ്പം നിലനിന്ന നിതീഷ് ബിജെപിക്കൊപ്പം പോയത് കൊണ്ട് ബിഹാറിന് എന്ത് ഉപകാരം ഉണ്ടായെന്നും തേജ്വസി പരിഹസിച്ചു. 

കോണ്‍ഗ്രസുമായി കൈക്കോര്‍ത്ത് മഹാസഖ്യത്തിന്റെ ഭാഗമാകുന്ന ലാലുവിന്റെ ആര്‍ജെഡി നിതീഷ്–മോ‍ദി സഖ്യത്തെ പൊളിക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. ഈ പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിനൊടുള്ള തേജ്വസിയുടെ ചോദ്യശരങ്ങള്‍. അതേസമയം തേജ്വസിക്ക് മറുപടി നല്‍കാന്‍ നിതീഷ് കുമാറൊ ജെ.ഡി.യുവോ ഇതുവരെ തയാറായിട്ടില്ല.

MORE IN INDIA
SHOW MORE