അസം മറ്റൊരു കശ്മീരാകരുത്; പൗരത്വ ബില്ല് ഉയർത്തി അമിത് ഷാ

amit-sha-file-photo-16-02
SHARE

അസം മറ്റൊരു കശ്മീരാകാതിരിക്കാനാണ് പൗരത്വ ബില്ലെന്ന്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ  തീച്ചൂളയിലാക്കിയ പൗരത്വ ബില്‍ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് ഷാ യുടെ വാക്കുകള്‍.  പശ്ചിമ ബംഗാളിലെ സീറ്റുകളാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ കഴിയാത്ത പൗരത്വ ബില്‍ ബിജെപി ഉപേക്ഷിച്ചിട്ടില്ലെന്ന് അമിത് ഷാ അസമില്‍ പറഞ്ഞു. സംസ്ഥാനത്തെ യഥാര്‍ഥ പൗരന്‍മാരുടെ സുരക്ഷയാണ് ലക്ഷ്യം. അനധികൃത കുടിയേറ്റക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരം ഇല്ലാതാക്കുകയാണെന്ന് ഷാ ചൂണ്ടിക്കാട്ടി. പൗരത്വ നിയ ഭേദഗതി ബില്‍ രാജ്യത്താകമാനമുള്ള അഭയാര്‍ഥികളെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വനിയമഭേദഗതി ബില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാകെ അസ്വസ്ഥമാക്കിയിരികുമ്പോളാണ് അസമിലെ ലഖിംപൂരില്‍ അമിത്ഷാ പൊതുപരിപാടിക്കെത്തിയത്. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 

നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടിരുന്നു. ജാതിമത ഭേദമില്ലാതെ അനധികൃത കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നതാണ് എജെപിയുടെ ആവശ്യം. അനധികൃത കുടിയേറ്റത്തിന്‍രെ പേരില്‍ 1979 മുതല്‍ 85 വരെ കലാപകലുഷിതമായിരുന്നു അസം.അന്നത്തെ കലാപം ഒത്തുതീര്‍പ്പാക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്‍റെ ലംഘനമാണ് പുതിയ ബില്ലെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍വാദിക്കുന്നു. പക്ഷേ മറ്റിടങ്ങളില്‍ തിരിച്ചടി നേരിട്ടാലും ബില്‍ ബംഗാളില്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 

ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തില്‍ അസ്വസ്ഥമായ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേകിച്ചും. ഹിന്ദു വോട്ടുകളുടെ ഏകീകരണം വഴി 2014 ലെ രണ്ടു സീറ്റെന്ന നിലയില്‍ നിന്ന് ഏറെ മുന്നോട്ടു പോകാനാവുമെന്നാണ് കണക്കുകൂട്ടല്‍. മമത ബാനര്‍ജിക്കെതിരായ ന്യൂനപക്ഷ പ്രീണന ആരോപണം കൂടുതല്‍ ശക്തമാക്കാനും ഈ പ്രചാരണം സഹായിക്കും.

MORE IN INDIA
SHOW MORE