ഒറ്റയ്ക്കല്ല വീരജവാന്മാരുടെ കുടുംബം; എങ്ങും കരുതലിന്റെ കരങ്ങൾ

Daughter and wife of slain CRPF Jawan Mohan Lal
എന്റെ അച്ഛൻ, എന്റെ രാജ്യം: കശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ വീരമൃത്യു മരിച്ച ജവാൻ മോഹൻലാലിന്റെ സംസ്കാരച്ചടങ്ങ് ഡെറാഡൂണിൽ നടന്നപ്പോൾ സല്യൂട്ട് അർപ്പിക്കുന്ന മകൾ
SHARE

സൽക്കാരം  ഒഴിവാക്കി; 11 ലക്ഷം സൈനികർക്ക്

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൂറത്തിലെ വ്യവസായി മകളുടെ വിവാഹസൽക്കാരം വേണ്ടെന്നു വച്ചു. ഇതിലൂടെ മിച്ചംപിടിച്ച 11 ലക്ഷം രൂപ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനു നൽകും. 5 ലക്ഷം രൂപ ഇതര ക്ഷേമസംഘടനകൾക്കായും കൈമാറും.

ദേവാശി മനേക് എന്ന വജ്രവ്യാപാരിയാണ് വീരജവാന്മാരുടെ കുടുംബത്തെ സഹായിക്കാൻ വിവാഹസൽക്കാരം ഒഴിവാക്കിയത്

അമിതാഭ് ബച്ചന്റെ 2 കോടി

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് രാജ്യമെങ്ങു നിന്നും സഹായവാഗ്ദാനം. 40 ജവാൻമാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് നടൻ അമിതാഭ് ബച്ചൻ അറിയിച്ചു. ആകെ 2 കോടി രൂപയാണു നൽകുക. കഴിഞ്ഞ വർഷവും വീരമൃത്യുവരിച്ച 44 സൈനികരുടെ കുടുംബാംഗങ്ങൾക്ക് ബച്ചൻ 1 കോടി രൂപ നൽകിയിരുന്നു.

മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും: സേവാഗ്

വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ മക്കൾക്കു തന്റെ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. ഹരിയാനയിലെ ജാജറിലാണ് ‘സേവാഗ് ഇന്റർനാഷനൽ സ്കൂൾ’. ‌

ഒരുമാസത്തെ ശമ്പളം നൽകി വിജേന്ദർ

പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നൽകുമെന്നു ഒളിംപിക് മെഡൽ ജേതാവ് ബോക്സിങ് താരം വിജേന്ദർ സിങ്. ഹരിയാന പൊലീസ് ഉദ്യോഗസ്ഥനാണ് വിജേന്ദർ.

ചടങ്ങു മാറ്റി വച്ച് കോഹ്‌ലി

സൈനികരോടുള്ള ആദരസൂചകമായി തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ സ്പോർട്സ് പുരസ്കാര സമർപ്പണം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാറ്റിവച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന വിരാട് കോഹ്‌ലി ഫൗണ്ടേഷൻ – ആർപി – സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ‘ഇന്ത്യൻ സ്പോർട്സ് ഓണേഴ്സ്’ ചടങ്ങാണ് മാറ്റിയത്

ജാർഖണ്ഡ് മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം

വീരജവാന്മാരുടെ ആശ്രിതരെ സഹായിക്കാൻ  ജാർഖണ്ഡ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി രഘുബർദാസ് അറിയിച്ചു. ജാർഖണ്ഡിൽ നിന്നുള്ള വിജയ് സോറംങിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

MORE IN INDIA
SHOW MORE