പിറക്കാനിരുന്ന കുഞ്ഞിനെ കാണാതെ ജവാന്റെ മടക്കം; ഭാര്യക്കും കുടുംബത്തിനും കണ്ണീര്‍ ബാക്കി

ratnakumar-takur-family
കടപ്പാട്– പിടിഐ
SHARE

രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ജവാൻ രത്നകുമാർ താക്കൂറും ഭാര്യയും. ഭാര്യയോടും മൂത്ത കുഞ്ഞിനോടുമൊപ്പം അവധി ചിലവഴിച്ച ശേഷമാണ് ബഗൽപ്പൂർ സ്വദേശിയായ രത്നകുമാർ കാശ്മീരിലേക്ക് തിരിച്ചത്. ഫെബ്രുവരി 14ന് ഭാര്യയോട് വൈകിട്ട് വിളിക്കാം എന്നുറപ്പുകൊടുത്തിട്ടാണ് രത്നകുമാർ താക്കൂർ ഫോൺവെച്ചത്. രത്നകുമാറിന്റെ ഫോൺവിളി കാത്തിരുന്ന പ്രിയപ്പെട്ടവരെ തേടിയെത്തിയത്, രത്നകുമാറിന്റെ മരണവാർത്തയാണ്.

കുടുംബത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും രത്നകുമാറിനുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും മികച്ച ജീവിതസാഹചര്യം ലഭിക്കുന്നതിനുമായി ഈ അടുത്താണ് കുടുംബം നഗരത്തിലുള്ള വാടകവീട്ടിലേക്ക് മാറിയത്. കുഞ്ഞ് ജനിച്ചാലുടൻ അവധിയ്ക്ക് എത്താം എന്ന് വാക്ക് നൽകിയാണ് രത്നകുമാർ പോയത്. എന്നാൽ കുഞ്ഞിന്റെ മുഖം പോലും കാണാൻ വിധി അനുവദിച്ചില്ല.

ഡിഗ്രിക്ക് പഠിക്കുന്ന അനിയനെക്കുറിച്ചും രത്നകുമാറിന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അനിയന്റെ പഠന ചെലവ് നോക്കിയിരുന്നതും ഇദ്ദേഹമാണ്. അനിയന് പഠിച്ച വലിയ ഉദ്യോഗസ്ഥനാകുന്നത് കാണണമെന്ന് പറയാറുണ്ടായിരുന്നുവെന്ന് രത്നകുമാറിന്റെ പിതാവ് നിരഞ്ജൻ താക്കൂർ കണ്ണീരോടെ ഓർത്തു. രാജ്യത്തിനായി പോരാടാനും പകരം ചോദിക്കാനും ഇളയമകനെയും പട്ടാളത്തിൽ അയക്കാൻ മടിയില്ലെന്ന് പിതാവ് അറിയിച്ചു.

മകന്റെ വിയോഗത്തേക്കാളേറെ തന്നെ വേദനിപ്പിക്കുന്നത് മരുമകളുടെ വിധിയാണെന്ന് നിരഞ്ജൻ പറയുന്നു. രാജ്നന്ദിനിയ്ക്ക് (താക്കൂറിന്റെ വിധവ) ചെറുപ്രായമാണ്, ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ട്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി അവർ എങ്ങനെ മുന്നോട്ട്പോകുമെന്നുള്ളത് തന്നെ ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE