സൈന്യത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് സര്‍വ്വകക്ഷിയോഗം; ഇനി അന്വേഷണം

meeting5
SHARE

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിന്‍റെ സഹോദരപുത്രന്‍. സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സൈന്യത്തിന് പൂര്‍ണപിന്തുണ നല്‍കുന്നതായി സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി.  അതേസമയം ജമ്മു കശ്മീരിലെ രജൗരിയില്‍  സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹറിന്‍റെ മൂത്ത സഹോദരന്‍ അതര്‍ ഇബ്രാഹിമിന്‍റെ മകന്‍ മുഹമ്മദ് ഉമൈറാണ് പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.  അഫ്ഗാനിലെ സ്ഫോടക നിര്‍മാണ വിദഗ്ധന്‍ ഖാസി അബ്ദുള്‍ റഷീദാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. ശ്രീനഗര്‍ ജമ്മു ദേശീയപാതയിലേയ്ക്ക് എത്തിച്ചേരുന്ന ഇടറോഡ് വഴിയാണ് ചാവേര്‍ അദില്‍ അഹമ്മദ് ധര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായെത്തിയത്. 100 കിലോ ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.

ലെത്പോറിയില്‍വെച്ച് ബോംബ് നിര്‍മിക്കുകയും 13ന് രാത്രി വാഹനത്തില്‍ നിറയ്ക്കുകയും ചെയ്തു. സ്ഫോടനം നടത്താന്‍ ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ പാംപോറിനും അവന്തിപോരയ്ക്കും ഇടയിെല 15 കിലോമീറ്റര്‍ ദൂരം തിരഞ്ഞെടുത്തതിനുപിന്നിലെ കാരണം അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിലെ പ്രാദേശിക പങ്കാളിത്തം ചര്‍ച്ചയാകവേ തെക്കന്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. 

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതിയില്‍ചേര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നീ ഏജന്‍സികളുടെ തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്ന് ദശാബ്ദമായി ഇന്ത്യയ്ക്ക് വെല്ലുവിളിയായ അതിര്‍ത്തികടന്നുള്ള ഭീകരവാദം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പ്രഖ്യാപിച്ചു.  

MORE IN INDIA
SHOW MORE