ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്‌സ്; ഒരു മൃതദേഹം തെറിച്ചത് 80 മീറ്റർ അകലെ

pulwama-terror-attack
SHARE

ഇന്ത്യയുടെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനയായ  ജയ്ഷ് ഇ മൊഹമ്മദിന്റെ ആക്രമണത്തിൽ ഇന്ത്യയ്ക്ക് ധീരരായ 40 ജവാൻമാരെയാണ് നഷ്ടമായത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്‌സ് ആണെന്ന് സിആര്‍പിഎഫ് സ്ഥിരീകരിച്ചു. ജയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹ്മ്മദ് ദാര്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ 350 കിലോ സ്‌ഫോടക ശേഖരം നിറച്ച സ്‌കോര്‍പിയോ ഇടിച്ചു കയറ്റുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ സ്‌കോര്‍പിയോ വാഹനമല്ല, 60 കിലോ ആര്‍ഡിഎക്‌സ് നിറച്ച സെഡാന്‍ വിഭാഗത്തിൽപ്പെട്ട  വാഹനമാണ് ചാവേര്‍ ഓടിച്ചുകയറ്റിയതെന്നാണ് പുതിയ നിഗമനം. 

ആദിൽ അഹമ്മദ് ദർ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിൽ ചേർന്നത് ക‌‌ഴിഞ്ഞ വർഷം മാത്രമാണ്. ആക്രമണം നടന്ന പുൽവാമയിൽ നിന്നും പത്തു കി.മി അകലെ മാത്രമാണ് ഇയാളുടെ താമസസ്ഥലം. 22 കാരനായ ആദിലിന്റെ സ്കൂൾ ജീവിതം സൗത്ത് കശ്മീരിലെ ഗന്തിബാഗിലായിരുന്നെന്നു പൊലീസ് രേഖകൾ പറയുന്നു. 2017 മാർച്ചിൽ സ്കൂൾ ജീവിതം അവസാനിപ്പിച്ചു. ഒരു വർഷത്തിനു ശേഷം മസൂദ് അസർ നേതൃത്വം നൽകുന്ന പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൽ അംഗമായി .

150 മീറ്റര്‍ ചുറ്റളവില്‍ പ്രഹരമേല്‍പ്പിക്കുന്ന തരത്തിലായിരുന്നു സ്‌ഫോടനം നടന്നത്. അത്യുഗ്ര സ്‌ഫോടനത്തില്‍ ഒരു മൃതദേഹം  80 മീറ്റര്‍ അകലെയിലേയ്ക്ക് തെറിച്ചതായും അധികൃതർ വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്തിന് 10 കിലോമീറ്റർ മാത്രം അകലെ ആദിലിന് ഇത്രയും വലിയ ആർഡിഎക്സ് ശേഖരവുമായി നിലയുറപ്പിക്കാനായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ അവശേഷിക്കുന്നു. ഇയാൾക്ക് സമീപവാസികളിൽ നിന്ന് സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനമെങ്കിലും സഹായിച്ചവരെ കുറിച്ച് ഇതുവരെ വ്യക്തമായ ചിത്രമില്ല. സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നുപോകുന്ന ആ മണിക്കൂറുകളില്‍ ഇയാള്‍ക്ക് ഇത്ര സുരക്ഷിതമായി ദേശീയപാതയില്‍ കടക്കാനായത് എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. 

ചാവേറാക്രമണത്തിനു തൊട്ടുപിന്നാലെ ആദിലിന്റെ വിഡിയോയും ചിത്രവും പ്രചരിച്ചിരുന്നു. ‘ എന്റെ പേര് ആദിൽ. കഴിഞ്ഞ വർഷമാണ് ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ഒരു വർഷത്തിനു ശേഷം  ജയ്ഷെ മുഹമ്മദിനു വേണ്ടി എന്താണോ ചെയ്യാൻ ആഗ്രഹിച്ചത്, അതിനു അവസരം കിട്ടി. ഈ വിഡിയോ നിങ്ങളിലെത്തുമ്പോഴേക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കും. കശ്മീർ ജനതയ്ക്കു വേണ്ടിയുള്ള എന്റെ അവസാനത്തെ സന്ദേശമാണിത്’ വിഡിയോയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആക്രമണത്തിനു തൊട്ടുമുൻപ് ചിത്രീകരിച്ച വിഡിയോയിൽ എകെ 47 റൈഫിളുമായാണ് ചാവേർ നിൽക്കുന്നത്. ചാവേറുകളാകുന്നതിനായി ജയ്ഷെ മുഹമ്മദ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് ആദിലെന്നു പൊലീസ് പറയുന്നു.

MORE IN INDIA
SHOW MORE