വിവരാവകാശ കമ്മിഷൻ സ്വതന്ത്രസ്ഥാപനം; സർക്കാരിനു കീഴിലല്ല; സുപ്രീംകോടതി

Supreme Court
SHARE

വിവരാവകാശ കമ്മിഷന്‍, തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍ പോലെ സ്വതന്ത്രസ്ഥാപനമാണെന്നും സര്‍ക്കാരിന് കീഴില്‍ അല്ലെന്നും സുപ്രീംകോടതി. എക്സിക്യൂട്ടീവിന്‍റെ നേരിട്ടുളള നിയന്ത്രണത്തില്‍ കമ്മിഷനുകള്‍ പ്രവര്‍ത്തിക്കരുതെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. രാജ്യത്തെ കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്തണമെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ വിവരാവകാശ കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ലെന്ന പൊതുതാല്‍പര്യഹര്‍ജിയിലാണ് സുപ്രധാനഉത്തരവ്. വിവരാവകാശ കമ്മിഷന്‍റെ സ്വതന്ത്രസ്വഭാവവും സുതാര്യതയും നിലനിര്‍ത്തുന്നതിനുളള നിര്‍ദേശങ്ങള്‍ എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചു. തിര‍ഞ്ഞെടുപ്പ് കമ്മിഷന് തുല്യമായ പദവിയാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍റേത്.

വെബ്സൈറ്റില്‍ നിയമനനടപടികള്‍ അപ്‍ലോഡ് ചെയ്യണം. റിട്ടയര്‍ ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ മാത്രം കമ്മിഷണര്‍മാരായി നിയമിക്കുന്ന കീഴ്‍വഴക്കം മാറ്റണം. മറ്റുമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെയും പദവിയിലേക്ക് പരിഗണിക്കണം. ഒഴിവുണ്ടാകുന്നതിനും രണ്ട് മാസം മുന്‍പ് തന്നെ നിയമനനടപടികള്‍ക്ക് തുടക്കമിടണമെന്നും കോടതി ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തിലെ വിവരാവകാശ കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ലെന്നും പതിനാലായിരത്തില്‍പ്പരം വിവരാവകാശ അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടിരുന്നു.

MORE IN INDIA
SHOW MORE