‘ഇത് അവസാന സന്ദേശം, ഞാൻ സ്വർഗത്തിലേക്ക്’..വിഡിയോയിൽ ആദിലിന്റെ വാക്കുകൾ

adil-muhemed-video
SHARE

കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാരെ അരുംകൊല ചെയ്ത ഭീകരൻ ആദിൽ അഹമ്മദ് ദർ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിൽ ചേർന്നത് ക‌‌ഴിഞ്ഞ വർഷം. ആക്രമണം നടന്ന പുൽവാമയിൽ നിന്നും പത്തു കി.മി അകലെ മാത്രമാണ് ഇയാളുടെ താമസസ്ഥലം.

22 കാരനായ ആദിലിന്റെ സ്കൂൾ ജീവിതം സൗത്ത് കശ്മീരിലെ ഗന്തിബാഗിലായിരുന്നെന്നു പൊലീസ് രേഖകൾ പറയുന്നു. 2017 മാർച്ചിൽ സ്കൂൾ ജീവിതം അവസാനിപ്പിച്ചു. ഒരു വർഷത്തിനു ശേഷം മസൂദ് അസർ നേതൃത്വം നൽകുന്ന പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൽ അംഗമായി .

ചാവേറാക്രമണത്തിനു തൊട്ടുപിന്നാലെ ആദിലിന്റെ വിഡിയോയും ചിത്രവും പ്രചരിച്ചു. ‘ എന്റെ പേര് ആദിൽ. കഴിഞ്ഞ വർഷമാണ് ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ഒരു വർഷത്തിനു ശേഷം  ജയ്ഷെ മുഹമ്മദിനു വേണ്ടി എന്താണോ ചെയ്യാൻ ആഗ്രഹിച്ചത്, അതിനു അവസരം കിട്ടി. ഈ വിഡിയോ നിങ്ങളിലെത്തുമ്പോഴേക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കും. കശ്മീർ ജനതയ്ക്കു വേണ്ടിയുള്ള എന്റെ അവസാനത്തെ സന്ദേശമാണിത്’ വിഡിയോയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആക്രമണത്തിനു തൊട്ടുമുൻപ് ചിത്രീകരിച്ച വിഡിയോയിൽ എകെ 47 റൈഫിളുമായാണ് ചാവേർ നിൽക്കുന്നത്. ചാവേറുകളാകുന്നതിനായി ജയ്ഷെ മുഹമ്മദ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് ആദിലെന്നു പൊലീസ് പറയുന്നു. 

ഇന്ത്യയുടെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്ഷ് ഇ മൊഹമ്മദ്. കശ്മീരിനെ അടർത്തിയെടുക്കലാണ് പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാകാൻ ശ്രമിക്കുന്ന ജയ്‌ഷെയുടെ ചോര ചിന്തിയ വഴികളിലൂടെ:

2000ൽ 17 കാരൻ അഫാഖ് അഹമ്മദിനെ ചാവേറാക്കി ശ്രീനഗറിലെ ആർമി ക്യാംപിൽ 15 സൈനികരുടെ ജീവനെടുത്തതിൽ തുടങ്ങുന്നു ജയ്ഷ മുഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ തുടക്കം. നേതൃത്വം മൗലാന മസൂദ് അസ്ഹർ എന്ന കൊടുംഭീകരന്. 1999 ൽ കാണ്ടഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വാജ്പേയി സർക്കാർ വിട്ടയച്ച ഭീകരൻ. പാക് രഹസ്യാനേഷ്യണ ഏജൻസി ഐഎസ്ഐയുടെ പിന്തുണ കൂടിയായപ്പോൾ ആളും ആയുധവുമായി പ്രസ്ഥാനം തഴച്ചുവളർന്നു. പിന്നീടിങ്ങോട്ട് വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ചാവേറാക്രമണങ്ങളുടെ പരമ്പര. 

2001 ലെ പാർലമെന്റ് ആക്രമണം ഒന്നുമതി ജെയ്ഷ് ഇ മൊഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഇന്ത്യാ വിരുദ്ധത അളക്കാൻ. 2016ൽ പതാൻ കോട്ടിൽ, തുടർന്ന് ഉറിയിൽ ഇന്ത്യൻ സൈനികരെ ഒളിയാക്രമണത്തിൽ കൊന്നൊടുക്കി മസൂദ് അസ്ഹറിന്റെ പ്രസ്ഥാനം. മസൂദ് അസ്ഹറിനെ ഭീകരവദിയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിൽ ഇന്ത്യ രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ചൈനയുടെ എതിർപ്പിനെ തുടർന്ന് സാധ്യമായില്ല. 

പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ തിരിഞ്ഞതോടെ പാക് സർക്കാരുമായി സ്വരച്ചേർച്ചയില്ലാതെയായി. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പിടിമുറുക്കിയതോടെ ദുർബലമായി ഭീകര സംഘടന. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു എസ് പിൻമാറ്റം മേഖലയിലാകെ ഭീകര സംഘടനകൾക്ക് ഉണർവ് പകരുന്നുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ മേൽ ആക്രമണത്തിന് കാത്തിരിക്കുന്നവരെ കരുത്തരാക്കുന്നു. 

MORE IN INDIA
SHOW MORE