'പുൽവാമ ഭീകരനൊപ്പം രാഹുൽ'; വ്യാജചിത്രം പ്രചരിപ്പിച്ച് മുതലെടുപ്പിനും ശ്രമം

rahul-gandhi-fake-image
SHARE

പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ടെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.  ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സൈന്യത്തിനും സർക്കാരിനും ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങൾകൊണ്ടു രാജ്യത്തെ തകർക്കാനും വിഭജിക്കാനുമാകില്ല. കോൺഗ്രസ് ഇപ്പോള്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമർശനത്തിനും ചർച്ചയ്ക്കുമില്ലെന്നും രാഹുൽ വ്യക്തമാക്കി.

പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേറിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിൽക്കുന്ന വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ ചിത്രം വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും നിമിഷങ്ങൾക്കകം തെളിയിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുളളയാളാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്ന വ്യാജ പ്രചാരണവും ശക്തമായിരുന്നു. വ്യാജ ചിത്രവും യഥാർത്ഥത്തിലുളള ചിത്രവും ദേശീയമാധ്യമങ്ങൾ പുറത്തു വിട്ടു. ഓൾഡ് ന്യൂസ്, ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ ഫോട്ടോ വച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമേജസിലും യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദുഃഖാചരണത്തിനുള്ള സമയമാണിതെന്നും ഭയാനകമായ ദുരന്തമാണ് കശ്മീരിൽ കഴിഞ്ഞ ദിവസം നടന്നതെന്നും രാഹുൽ പറഞ്ഞു. നമ്മുടെ സൈനികർക്കെതിരെയുണ്ടായത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന രീതിയിലുള്ള അക്രമമാണ്. ജവാൻമാർക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നിൽക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകർക്കാനോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രണം. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രണം നടത്തിയത്. 78 സൈനിക വാഹനങ്ങളിലായി 2547 ജവാന്മാരുണ്ടായിരുന്നു. 200 കിലോ സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‍വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഭീകരാക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്നാണ് പ്രാഥമികവിവരം. ദേശീയ അന്വേഷണ ഏജന്‍സി, ചാരസംഘടനയായ റോ എന്നിവ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കശ്മീരിലെത്തി അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE