കുടുംബവാഴ്ചയുടെ രാഷ്ട്രീയം

election-politics-family
SHARE

വിമര്‍ശനങ്ങളെ വകവയ്ക്കാതെ രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഏറുന്നതിന്‍റെ ഉദാഹരണങ്ങള്‍ ഏറിവരികയാണ് ഈ തിരഞ്ഞെടുപ്പുകാലത്തും. 

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ മകനും മുന്‍ മുഖ്യമന്ത്രിയുടെയും ഭാര്യയുംമല്‍സരത്തിനൊരുങ്ങുന്നു. മഹാരാഷ്ട്രയില്‍ പവാര്‍ കുടുംബത്തില്‍ നിന്ന് മാത്രം നാല് പേരേ മല്‍സരിപ്പിക്കാനാണ് എന്‍.സി.പിയുടെ തീരുമാനം. കര്‍ണാടകയില്‍ ദേവഗൗഡയുടെ കൊച്ചുമക്കളും കളത്തിലറങ്ങാനുള്ള നീക്കത്തിലാണ്. 

മധ്യപ്രദേശില്‍നിന്ന് തുടങ്ങാം. സിന്ധ്യ കുടുംബത്തിന്റെ കുത്തകസീറ്റായ ഗുണയില്‍ ഇത്തവണ ജോതിരാദിത്യ സിന്ധ്യക്ക് പകരം ഭാര്യ പ്രിയദര്‍ശിനി രാജെയെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജോതിരാദിത്യ നാല് തവണ വിജയിച്ച മണ്ഡലമാണ് ഗുണ. മുഖ്യമന്ത്രി കമല്‍നാഥാകാട്ടെ,  സ്വന്തം തട്ടകമായ ചിന്ദ്‍വാരയില്‍  മകന്‍  നകുല്‍നാഥിനെ   മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നു. 

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദേശീയ‌രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഭാര്യ സാധന സിങ്ങിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി . സുഷ്മ സ്വരാജിന്റെ മണ്ഡലമായ വിദിഷയിലായിരിക്കും സാധനാ സിങ്ങിനെ അരങ്ങേറ്റം. 

മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്‍.സി.പി  ദേശിയ അധ്യക്ഷന്‍ ശരത് പവാര്‍ ഉള്‍പ്പെടെ നാല് പേരാണ് പവാര്‍ കുടുംബത്തില്‍‌ നിന്ന് മാത്രം തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മകള്‍ സുപ്രിയ സുലെ ബാരാമതിയിലും, അനന്തരവന്‍ അജിത് പവാര്‍ ശിരൂരിലും മല്‍സരിക്കും. അജിത്തിന്റെ മകന്‍ പാര്‍ഥ് പവാറിനെ മവാല്‍ മണ്ഡലത്തില്‍ ഇറക്കാനാണ് തീരുമാനം. മക്കള്‍ രാഷ്ട്രീയത്തിന് പേരുകേട്ട കര്‍ണാടകത്തില്‍ ഇത്തവണ ന്യൂ ജനറേഷന്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച് വോട്ടുപിടിക്കാമെന്നാണ് ജെ.ഡി.യുവിന്റെ കണക്കുക്കൂട്ടല്‍. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമക്കളായ പ്രജ്‌വലിനെയും നിഖിലിനെയും കളത്തിലിറക്കാനാണ് സാധ്യത. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനാണ് നിഖില്‍. സഹോദരന്‍ രേവണ്ണയുടെ മകനാണ് പ്രജ്‌‍വല്‍. ഹാസ്സന്‍ മണ്ഡലം പ്രജ്‌വലിനും മാണ്ഡ്യ സീറ്റ് നിഖിലിനും നല്‍കാന്‍ ധാരണയായെന്നാണ് സൂചനകള്‍. 

MORE IN INDIA
SHOW MORE