റോഡ് ഷോക്ക് തൊട്ടുമുന്‍പ് ട്വിറ്ററില്‍; നിമിഷങ്ങള്‍ക്കകം പ്രിയങ്കരി; ലക്ഷം ലക്ഷം പിന്നാലെ

rahul-priyanka
SHARE

വന്നു കണ്ടു കീഴടക്കി... അതാണ് ട്വിറ്ററിലെത്തിയ പ്രിയങ്ക ഗാന്ധി വാധ്രയുടെ ഔദ്യോഗിക അക്കൗണ്ടിനെപ്പറ്റിയുള്ള ചുരുക്കം. ഇതുവരെ സമൂഹമാധ്യമങ്ങളില്‍ സജീവം അല്ലാതിരുന്നയാള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെ പ്രിയങ്ക ഗാന്ധിയെ തിര​ഞ്ഞ് ആയിരങ്ങളാണ് ഗൂഗിളിലെത്തിയത്. അപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ അല്ലാതെ മറ്റ് സമൂഹമാധ്യമങ്ങില്‍ അക്കൗണ്ട് തുറക്കാതെ ഇരുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമരുളി.  

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന റോഡ് ഷോയ്ക്ക് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി വാധ്ര ട്വിറ്ററില്‍ (@priyankagandhi) ഔദ്യോഗിക അക്കൗണ്ട് തുറന്നത്. കൃത്യമായി പറഞ്ഞാല്‍  രാവിലെ 11.49ന്. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ റോഡ്  ഷോയ്ക്ക് തൊട്ടുമുമ്പ് ഔദ്യോഗിക അക്കൗണ്ട് തുറന്ന പ്രിയങ്ക ഗാന്ധി ഏഴുപേരെയാണ് അങ്ങോട്ട് ഫോളോ ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ ആ ഏഴില്‍ ഉള്‍പ്പെടുന്നു.

ആദ്യ പതിനഞ്ച് മിനിറ്റില്‍ അയ്യായിരം

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിനു പിന്നാലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ വെരിഫൈഡ് അക്കൗണ്ടായി.  അതും ആദ്യ മണിക്കൂറില്‍ ട്വീറ്റ് ഒന്നും ചെയ്യാതെ തന്നെ. ആദ്യ പതിനഞ്ച് മിനിറ്റില്‍ അയ്യായിരം പേരാണ് ഫോളോവേഴ്സ് ആയതെങ്കില്‍ ആദ്യ ഒരു മണിക്കൂറില്‍ അത് ഇരുപത്തിയയ്യായിരമായി. മൂന്നുമണിക്കൂര്‍ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം അമ്പത്തി അയ്യായിരമായി. നാലുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഫോളോവേഴ്സിന്റെ എണ്ണം അറുപതിനായിരം കടന്നു. രാഷ്ട്രീയ നേതാക്കളും ബിബിസി ഇന്ത്യ ന്യൂസ് പോലെ മാധ്യമങ്ങളും പ്രിയങ്കയ്ക്ക് പിന്നാലെയുണ്ട്. ഇപ്പോഴിതാ എണ്ണം ലക്ഷത്തോടടുക്കുന്നു.

MORE IN INDIA
SHOW MORE