14–ാം വയസിൽ അച്ഛൻ മരിച്ചു; തളരാതെ പോരാടി ഇൽമ; 26-ാം വയസിൽ ഐപിഎസ്

ilma-afroz
SHARE

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ഇല്‍മ  അഫ്രോസ് ജനിച്ചത്. ഇൽമയും  സഹോദരനും അച്ഛനില്ലാതെയാണ് വളർന്നത്. 14–ാം വയസിൽ അച്ഛന്റെ മരണം ഇൽമയെ വല്ലാതെ തളർത്തുകയും െചയ്തു. കുറച്ചു പണം സ്വരൂപിച്ച് എങ്ങനെയെങ്കിലും മകളെ കെട്ടിച്ചയക്കാനായിരുന്നില്ല ഇൽമയുടെ അമ്മ ശ്രമിച്ചത്. ഉയർന്ന വിദ്യാഭ്യാസം നൽകി ഇൽമയെ ഉയരങ്ങളിലെത്തിക്കാൻ ആ അമ്മ പാട്പെട്ടു. അതിനുവേണ്ടി കഴിയുന്നത്ര പഠിക്കാന്‍ മകള്‍ക്ക് അവസരം കൊടുത്തു. ഗ്രാമത്തില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇല്‍മ ഡൽഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിൽ തുടർവിദ്യാഭ്യാസത്തിനു ചേർന്നു. 

ഫിലോസഫിയായിരുന്നു ഇൽമ പഠിച്ച വിഷയം. പഠനത്തില്‍ മുന്നിലെത്തിയതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചു. ഓക്സ്ഫോഡിൽ ആയിരുന്നു അവസരം. അവിടെ വോള്‍ഫ്‍സന്‍ കോളജില്‍ മാസ്റ്റേഴ്സ് പഠനം. അതിശയിപ്പിക്കുന്നതിനൊപ്പം പ്രചോദനത്തിന്റെ അമൂല്യമായ പാഠവുമാണ് ഇല്‍മയുടെ ജീവിതം. ഒരു കഥ പോലെ നാടകീയവും ത്രില്ലര്‍ പോലെ ആവേശം കൊള്ളിക്കുന്നതുമാണ് അവളുടെ ജീവിതം.

ബിരുദാനന്തര ബിരുദത്തിനുശേഷം ഇംഗ്ലണ്ടില്‍നിന്നു നേരെ പോയത് അമേരിക്കയിലേക്ക്. ന്യൂയോര്‍ക്ക് സിറ്റിയില്‍. മന്‍ഹാറ്റനില്‍ ഒരു വോളന്ററി സര്‍വീസ് പ്രോഗ്രാമിലും പങ്കെടുത്തു. അവിടത്തെ ഉന്നതി ജീവിതവും സൗകര്യങ്ങളും വെടിഞ്ഞ് ഇല്‍മ ഇന്ത്യയിലെത്തി. സിവില്‍ സര്‍വീസ് പഠനത്തില്‍ മുഴുകിയ  ഇല്‍മയ്ക്ക് 2017-ലെ പരീക്ഷയില്‍ ഉന്നതവിജയം-217-ാം റാങ്ക്. അങ്ങനെ ഐപിഎസിലേക്ക്. ഹിമാചല്‍പ്രദേശ് കേഡറിലാണ് ആദ്യം ജോലി ചെയ്യാനവസരം ലഭിച്ചത്. 

തുടക്കത്തില്‍ ഒന്നരവര്‍ഷത്തെ പരിശീലനം. ഞാൻ ഇതുവരെ എത്തിയിന് പിന്നിൽ അമ്മയാണ്. അമ്മയുടെ കഠിനധ്വാനവും കരുത്തുമാണ് ഇതുവരെ എത്തിച്ചതെന്ന് ഇൽമ പറയുന്നു. ജനിച്ച് വളർന്ന നാട് മറക്കാനാകില്ലെന്നും ഇൽമ പറയുന്നു. ഈ ഐപിഎസുകാരി ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും സ്ഥാപിച്ചു. മികച്ച പൗരന്മാരായി വളരാൻ കുണ്ടര്‍കി എന്ന ഗ്രാമത്തിലെ കുട്ടികള്‍ക്കും കഴിയണം. ഇന്ത്യയിലെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാകണം ഓരോ പൗരന്മാരുമെന്ന് ഇൽമ പറയുന്നു.ഭാരിച്ച ഉത്തരവാദിത്വമുള്ള ജോലിക്കൊപ്പം സേവന പ്രവര്‍ത്തനങ്ങളും കൂടി ഏറ്റെടുത്ത് ഇല്‍മ തന്റെ സ്വപ്നങ്ങളുമായി മുന്നോട്ട്.

MORE IN INDIA
SHOW MORE