ഇന്ത്യക്ക് കരുത്താകാൻ ഇനി ചിനൂക്; ലോകത്തിലെ ഏറ്റവും കരുത്തൻ ഹെലികോപ്റ്റർ

chinook-helicopter
SHARE

പ്രതിരോധമേഖലയിൽ ഇന്ത്യക്ക് വൻകരുത്ത് പകരാൻ ചിനൂക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി. ബോയിങ്ങിൽനിന്നാണ് ഇന്ത്യ ചിനൂക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്.  ഓർഡർ ചെയ്ത 15 ഹെലികോപ്റ്ററുകളിലെ ആദ്യ 4 എണ്ണമാണ് ഇന്ത്യയിലെത്തുന്നത്. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളിൽ അധിക സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. ഗുജറാത്തിലെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച ചിനൂക് പരീക്ഷണപ്പറക്കലുകൾക്കു ശേഷം ഉടൻ സേനയുടെ ഭാഗമാകും. 

ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന  ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.

നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്. ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും. 3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. 10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന് കരുത്തു പകരുന്നത്.

MORE IN INDIA
SHOW MORE