വൈഎസ്ആറായി അമ്പരപ്പിക്കുന്ന തിരസാന്നിധ്യം; ആന്ധ്രയെയും ഇളക്കി മമ്മൂട്ടിയുടെ യാത്ര

yatra-release-mammootty
SHARE

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ബഹുഭാഷാ രാഷ്ട്രീയചിത്രം ‘യാത്ര’ തീയറ്ററിലെത്തിയപ്പോള്‍ രാജ്യമെങ്ങും വരവേല്‍പ്. തിരഞ്ഞെടുപ്പ് കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ ചിത്രം രാഷ്ട്രീയ വിവാദങ്ങളുടെയും തിരശ്ശീല നിവര്‍ത്തുമെന്ന സൂചനകളും നല്‍കുന്നു. ആന്ധ്രയിലെ ജനകീയ മുഖ്യമന്ത്രിയായുള്ള മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. വൈഎസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തിലെ സുപ്രധാനമായി 1475 കിലോ മീറ്റര്‍ നീളമുള്ള കാല്‍നടയാത്ര അതിന്റെ എല്ലാ വികാരഭാവങ്ങളോടെയും സിനിമയും മമ്മൂട്ടിയും തോളിലേറ്റുന്നു. 

സിനിമ കണ്ട തെലുങ്കരെല്ലാം അവരുടെ രാജണ്ണയെ അനശ്വരനാക്കിയ മമ്മൂട്ടി ഗരുവിനെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. രൂപത്തില്‍ അനുകരിക്കുന്നതിനപ്പുറം ആകാര–ശബ്ദ–ചലനങ്ങളില്‍ ഊര്‍ജ്വസ്വലനായ ആ ജനനേതാവിന്റെ പ്രഭാവലയം കൈപ്പിടിയിലാക്കുകയായിരുന്നു മമ്മൂട്ടി. ട്വിറ്ററിലടക്കം വരുന്ന പ്രതികരണങ്ങള്‍ മമ്മൂട്ടിയുടെ പ്രകടനമികവിന് കയ്യൊപ്പ് ചാര്‍ത്തുന്നതാണ്.

ഇതിനിടെ ലോകമാകെ റിലീസ് ചെയ്ത സിനിമ മമ്മൂട്ടിയുടെ ആദ്യ നൂറു കോടി സിനിമ ആകുമോ എന്ന ആകാംക്ഷയും കേരളത്തിലെ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലും വൈഡ് റിലീസാണ് ചിത്രത്തിന്. 

മഹി വി.രാഘവ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കോണ്‍ഗ്രസ് തന്നെ സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. ടിഡിപിയും വൈഎസ്ആര്‍ സിനിമക്കെതിരെ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. എൻ.ടി രാമ റാവു എന്ന സിനിമയുമായി താരതമ്യം ചെയ്‍ത് ആരാധകര്‍ തമ്മില്‍ കലഹിക്കരുതെന്ന് മഹി വി.രാഘവ് അഭ്യര്‍ഥിക്കുന്നു.  വൈഎസ്ആറും എൻടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമുക്ക് അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ്. ആരും ആരുടെയും പിന്നിലില്ല.  നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാൻ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും അവരെ നമുക്ക് ആദരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN INDIA
SHOW MORE