ഹൃദയഭൂമി പിടിക്കാന്‍ പ്രിയദര്‍ശിനി സിന്ധ്യയും; ‘പ്രിയങ്ക’രമാകുന്ന ഹിന്ദി ബെൽറ്റ്

priyadarshini-scindia-1
SHARE

സജീവ രാഷ്ട്രീയ പ്രവര്‍ത്തകയല്ല, എന്നാല്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തിച്ച് പരിചയം ആവോളമുണ്ട്. സാമൂഹികസേവന രംഗത്ത് പ്രത്യേകിച്ച് കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. മധ്യപ്രദേശിലെ പ്രശസ്തമായ രാജകുടുംബത്തില്‍ നിന്നാണ് ഈ താരം വരുന്നത്. ഭര്‍ത്താവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ മധ്യപ്രദേശിലെ ഗുണയില്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വര്‍ഷങ്ങളായി ഇറങ്ങുന്ന പ്രിയദര്‍ശനി സിന്ധ്യ   ഗുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ മല്‍സരിച്ചേക്കില്ലെന്നാണ് സൂചന. ഇനി മല്‍സരിക്കുകയാണെങ്കില്‍ ഗ്വാളിയറിലേക്ക് മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാണെങ്കിലും പ്രിയദര്‍ശിനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങും. പ്രിയദര്‍ശനി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. 

ആരാണ് പ്രിയദര്‍ശിനി

ഗുജറാത്തിലെ ബറോഡയില്‍ ഗെയ്ക്‌വാദ് രാജകുടുംബത്തില്‍ 1975ല്‍ ജനനം. ബറോഡ രാജാവായിരുന്ന പ്രതാപ് സിങ്ങിന്റെ പൗത്രി. മുംബൈയിലെ ഫോര്‍ട്ട് കോണ്‍വെന്റ് സ്കൂളിലും സോഫിയ കോളജിലുമായി വിദ്യാഭ്യാസം.  1991ല്‍ ഒരു  കുടുംബചേരലില്‍ വച്ച് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. ഇരുവരും ഇഷ്ടത്തിലാകുന്നു. 1994ല്‍ ബറോഡയില്‍ നിന്ന് മധ്യപ്രദേശിലെ സിന്ധ്യ രാജകുടുംബത്തിലേക്ക്. പാചകവും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന പ്രിയദര്‍ശിനി 2012ല്‍ ഇന്ത്യയിലെ സുന്ദരികളുടെ പട്ടികയിലെത്തി. ഫെമിന മാസിക പ്രസദ്ധീകരിച്ച ഇന്ത്യയിലെ സുന്ദരികളായ അന്‍പത് സ്ത്രീകളില്‍ പ്രിയദര്‍ശനിയും ഒപ്പമുണ്ടായിരുന്നു. മികച്ച വസ്ത്രധാരണത്തനും പുരസ്കാരം നേടിയിട്ടുണ്ട്.  അമ്മ ആഷാ രാജെ ഗെയ്ക്‌വാദാണ് പ്രിയയുടെ റോള്‍ മോഡല്‍. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്ന പ്രിയദര്‍ശനി ഒഴിവുവേളകളില്‍ അവയ്ക്കൊപ്പം നടക്കാനുമിറങ്ങും.  2002ല്‍ ജ്യോതിരാദിത്യ സിന്ധ്യ മല്‍സര രംഗത്ത് ഇറങ്ങിയതുമുതല്‍ പ്രിയദര്‍ശിനിയും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് എത്തി. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണം ആയപ്പോഴേക്കും പ്രിയദര്‍ശിനിക്കൊപ്പം മകനും പ്രചാരണത്തിന് സജീവമായി. 

വരവിന്റെ ലക്ഷ്യം ?

മധ്യപ്രദേശിലെ 29 ലോക്സഭ മണ്ഡ‍ലങ്ങളില്‍ രണ്ടേ രണ്ടിടത്തുമാത്രമാണ് 2014 തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. അതില്‍ ഒന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെയും മറ്റൊന്ന് കമല്‍ നാഥിന്റെയും മണ്ഡലങ്ങളായിരുന്നു. ശേഷിച്ച 27മണ്ഡലങ്ങളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെടുത്തതോടെ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടി. ജ്യോതിരാദിത്യ  സിന്ധ്യയും കമല്‍ നാഥും ആയിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പികള്‍. ഇവരുടെ സ്വാധീനം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും കൂടി ഉണ്ട്. മല്‍സരരംഗത്ത് സിന്ധ്യ കുടുംബത്തിന്റെ സാന്നിധ്യം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും  കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ രണ്ടുമണ്ഡലങ്ങളില്‍ ഒതുങ്ങിയ വിജയം ഇക്കുറി രണ്ടക്കത്തില്‍ എത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. 

MORE IN INDIA
SHOW MORE