നേരിട്ട് വെല്ലുവിളി; കേന്ദ്രത്തെ ഞെട്ടിച്ച് മമത; ശ്രദ്ധയോടെ കോൺഗ്രസ്

mamata-banerjee-22
SHARE

കേന്ദ്രത്തെ നേരിട്ട് വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തുമ്പോള്‍ ബി ജെ പിക്ക് മാത്രമല്ല ആശങ്ക. ബി ജെ പി വിരുദ്ധതയുടെ കേന്ദ്രബിന്ദുവായി മമത മാറുന്നത് കോണ്‍ഗ്രസടക്കം പല പ്രതിപക്ഷകക്ഷികളും ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. 

പൊടുന്നനെ മമത ബാനര്‍ജി രാജ്യത്തെ രാഷ്ട്രീയചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. സി പി എമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഒരുപാടനുഭവിക്കേണ്ടി വന്ന മമത, മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരിച്ച നടപടികളും വ്യത്യസ്തമായില്ലെന്ന വിമര്‍ശനങ്ങളെ മമത മൈന്‍ഡ് ചെയ്തതേയില്ല. ഏറ്റവുമൊടുവില്‍ തന്നെ പാഠം പഠിപ്പിക്കാന്‍ സി ബി ഐ യെ നിയോഗിച്ച കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുന്നു മമത ബാനര്‍ജി. ശ്രദ്ധിക്കണം ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസും നരേന്ദ്ര മോദിക്ക് പകരം രാഹുല്‍ ഗാന്ധിയുമെന്ന സമവാക്യം മമത ബാനര്‍ജി ഒരിക്കലും അംഗീകരിച്ചിട്ടില്ല. പ്രതിപക്ഷകക്ഷികളുടെ ഐക്യനിരയ്ക്ക് നേതൃത്വം വഹിക്കാന്‍ തനിക്കാവുമെന്ന പ്രത്യക്ഷസൂചനകള്‍ക്കൊടുവിലാണ് ബി ജെ പി യെയും കേന്ദ്ര സര്‍ക്കാരിനെയും തെരുവില്‍ മുഖത്തോട് മുഖം നേരിടാന്‍ മമത ധൈര്യം കാട്ടിയിരിക്കുന്നത്. 

മനസോടെയോ അല്ലാതെയോ കോണ്‍ഗ്രസുള്‍പെടെ എല്ലാ ബി ജെ പി വിരുദ്ധപാര്‍ട്ടികളും ധര്‍ണാവേദിയില്‍ തലങ്ങും വിലങ്ങും നടക്കുന്ന മമതക്ക് പിന്തുണയറിയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.  സി പി എം ഏതാണ്ടപ്രസക്തമായ ബംഗാള്‍ പിടിച്ചെടുക്കാന്‍ തന്നെയാണ് ബി ജെ പി യുടെ ശ്രമമെന്നും മമതക്ക് ബോധ്യമുണ്ട്. നാല്‍പത്തിരണ്ട് സീറ്റുണ്ട് ബംഗാളില്‍ നിന്ന് ലോക്സഭയിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്താല്‍ മമത  പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളിലെ സി പി എമ്മിനെ നിലംപരിശാക്കിയ തനിക്കാണ് ബി ജെ പിയെ നേരിടാന്‍ കരുത്തുളളതെന്ന് തെളിയിക്കാന്‍ ദീദി ചതുരംഗപ്പലകയൊരുക്കി കളി തുടങ്ങുമ്പോള്‍ കോണ്‍ഗ്രസടക്കമുളള കക്ഷികള്‍ക്ക് സൂക്ഷിച്ച് കളിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.