ഓഹരിവാങ്ങാൻ ആളില്ല; പാപ്പരായി പ്രഖ്യാപിക്കണമെന്ന് അനിൽ അംബാനി

anil-ambani-1
SHARE

ഓഹരിവാങ്ങാൻ ആളില്ലാത്തതിനാൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന്  അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ കമ്പനി നിയമട്രൈബ്യുണലിനെയാണ് ആർകോം സമീപിച്ചത്. കമ്പനിയുടെ സ്പെക്ട്രം വാങ്ങുന്നതിൽനിന്ന്  റിലയൻസ് ജിയോ പിന്മാറിയ സാഹചര്യത്തിലാണ് നീക്കം. 

നാല്പത്തിയാറായിരം കോടിരൂപയുടെ കടമാണ് നിലവിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് ഉള്ളത്. 2017 ജൂൺ മുതലുള്ള കണക്ക് പ്രകാരം കടബാധ്യത ഉയരുന്നതല്ലാതെ യാതൊരു മാറ്റവും പ്രകടമല്ല. മുകേഷ് അംബാനിയുടെ ജിയോക്ക് സ്പെക്ട്രം വിറ്റ് ആയിരം കോടിയും, സ്വത്തുക്കളും ഓഹരിയും വിറ്റ് ഇരുപത്തിഅയ്യായിരം കോടിയും വീട്ടാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, ഇതൊന്നും നടക്കില്ലെന്ന സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. 

ഇത് സംബന്ധിച്ച് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ദേശീയ കമ്പനി നിയമട്രൈബ്യുണലിന് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടകാര്യം  റിലയൻസ് കമ്മ്യൂണിക്കേഷൻതന്നെ  വാർത്താകുറിപ്പിൽ വ്യക്ത്മാക്കുകയായിരുന്നു. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍,  ആര്‍.കോമിനെതിരെ ട്രൈബ്യുണലിൽ കേസ് ഫയല്‍ ചെയ്തിരുന്നു. നടപടികളിൽനിന്ന് ഒഴിവാക്കുന്നതിനായി കമ്പനിക്ക് ട്രൈബ്യുണൽ പിന്നീട് സമയം നൽകി. എന്നാൽ, കടബാധ്യത കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല. 

നിരക്കുകൾ ഗണ്യമായി കുറച്ചതുവഴി ഇന്ത്യയിലെ ടെലികോംരംഗത്ത് വിപ്ലവം ഉണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. പക്ഷെ, സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതേ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഗ്രുപ്പും, ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് റഫാൽ യുദ്ധവിമാന നിർമാണകരാർ ഉണ്ടാക്കിയത് സംബന്ധിച്ച്  രാഷ്ട്രീയ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണെന്നതും ശ്രദ്ധേയം. 

MORE IN INDIA
SHOW MORE