ഗാന്ധിയെ ‘വെടിവെച്ച’ ഹിന്ദുമഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തു; മലയാളി രോഷം കത്തുന്നു

cyber-hacking-hindu-sabha
SHARE

മഹാത്മഗാന്ധിയെ അപമാനിച്ച് രാജ്യം ലജ്ജിക്കുന്ന തരത്തിൽ പെരുമാറിയ ഹിന്ദുമഹാസഭയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. ഗാന്ധി കോലത്തിന് നേരെ വെടിയുതിർക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭയുടെ വെബ്സൈറ്റും കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു. ചിത്രത്തിന് േനരെ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫെയ്സ്ബുക്ക് പേജിലും മലയാളികളുടെ വൻപ്രതിഷേധമാണ് നടക്കുന്നത്.  

ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും പോസ്റ്റ് ചെയ്താണ് സൈറ്റ് ഹാക്ക് ചെയ്തത്. സര്‍ക്കാര്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. അതേസമയം സംഭവത്തില്‍ അലിഗഡ് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന എട്ട് പേരുൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. 

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുന:സൃഷ്ടിക്കുകയായിരുന്നു ഹിന്ദുമഹാസഭ. ഗാന്ധിജിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്താണ് ഹിന്ദുമഹാസഭ ഗാന്ധിരക്തസാക്ഷിത്വ ദിനം ആഘോഷിച്ചത്. ശേഷം ഗാന്ധിഘാതകന്‍ ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മാകമായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍പ്പിച്ചിരുന്നു. ശൗര്യദിവസ് എന്ന പേരിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദുമഹാസഭാ ആഘോഷിക്കുന്നത്. 

ഈ ദിവസം ഗോഡ്സെക്ക് ആദരമര്‍പ്പിച്ചാണ് ഹിന്ദുമഹാസഭാ ആഘോഷിക്കാറുള്ളതെങ്കിലും ഗാന്ധിക്കുനേരെ വെടിയുതിര്‍ത്തുള്ള ആഘോഷം ആദ്യമായാണ്. ഗാന്ധിജിക്കെതിരെയുളള പ്രസ്താവനകളിലൂടെ മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് പൂജ ശകുന്‍ പാണ്ഡേ.

MORE IN INDIA
SHOW MORE