മോദിയുടെ താക്കീതിന് ഇര; ശമ്പളം വാങ്ങാത്ത എം.പി; ‘വര്‍ഗീയത’ മറന്നു; ഇതാ വരുണ്‍ ഗാന്ധി

INDIA-VOTE-GANDHI
SHARE

യുപിയില്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ കടന്നുവരവും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ബിജെപിയുടെ മടങ്ങിപ്പോക്കും. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം സജീവമായിരുന്ന കഴിഞ്ഞ കാലങ്ങളിലാണ് പാര്‍ട്ടിവേദികളില്‍ ബിജെപിയുടെ പഴയ തീപ്പൊരി പ്രചാരകന്‍റെ അഭാവം പലരും ശ്രദ്ധിക്കുന്നത്. സുല്‍ത്താന്‍പൂര്‍ എംപി വരുണ്‍ ഗാന്ധിയെ എന്തേ കണ്ടില്ല..? ഉത്തരം ഇതാണ്. ‘A Rural manifesto: Realizing India's future through her villages'. 

അതെ, അദ്ദേഹം പുസ്തകമെഴുതുകയായിരുന്നു. വെറും പുസ്തകമല്ല. 850 പേജുകളുള്ള അക്കാദമിക് പഠനക്കുറിപ്പ്. രണ്ടരവര്‍ഷം നീണ്ട ഗവേണഫലം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകാറുണ്ട്. ഇതങ്ങനെയല്ല. വരുണിന്‍റെ പുസ്തകത്തില്‍ ഒട്ടേറെ ക്രിയാത്മക നിര്‍ദേശങ്ങളുണ്ട്. നിലവിലെ പദ്ധതികള്‍ എവിടെ പാളുന്നു എന്ന കണ്ടെത്തലുണ്ട്. കാലാവസ്ഥാ മാറ്റത്തില്‍ കടക്കെണിയിലാകുന്ന കര്‍ഷകരെ ഇന്‍ഷൂര്‍ ചെയ്യണമെന്നതടക്കം നല്ല നിരീക്ഷണങ്ങളുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയാണെങ്കിലും സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് വരുണ്‍. രാജ്യത്തെമ്പാടുമുള്ള കോളജുകളില്‍ കുട്ടികളോട് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയമല്ല, ഗ്രാമീണ ഇന്ത്യയും കാര്‍ഷികമേഖലയും തന്നെയാണ് വിഷയം. ദേശീയ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നുണ്ട്. സ്പീക്കര്‍ സുമിത്രാ മഹാജന് വരുണ്‍ എഴുതി. ‘സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന എംപിമാരുടെ ശമ്പളം ജനോപകാരപ്രദമായ പദ്ധതികളിലേക്ക് നല്‍കാന്‍ തക്കവിധം ഒരു സ്കീം കൊണ്ടുവരണം. അതിനായി ഒരു കമ്മിറ്റിയെയും വയ്ക്കണം..’ 

അത് നടപ്പായില്ലെങ്കിലും എംപി എന്ന നിലയില്‍ ഒരു രൂപ പോലും ശമ്പളം കൈപ്പറ്റിയിട്ടില്ല വരുണ്‍ ഇതുവരെ. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കാണ് ആ തുക. എംപിമാരുടെ ശമ്പളവര്‍ധനയോട് കടുത്ത വിയോജിപ്പായിരുന്നു വരുണിന്. സുല്‍ത്താന്‍പൂരിലെ ഒരു പൊതുചടങ്ങില്‍ വരുണ്‍ ഇങ്ങനെ പ്രസംഗിച്ചു. ‘ഏതു മേഖലയിലും കഠിനാധ്വാനവും ജോലിയിലെ മികവും ശമ്പളത്തെ സ്വാധീനിക്കുമ്പോള്‍  പത്തുവര്‍ഷത്തിനുള്ളില്‍ ഏഴുതവണ ശമ്പളം വര്‍ധിപ്പിക്കാന്‍ എംപിമാര്‍ക്ക് വെറുതെ  കയ്യുയര്‍ത്തുക മാത്രം മതിയായിരുന്നു’. ശമ്പളവും അലവന്‍സുമടക്കം  പൊതുഖജനാവില്‍ നിന്ന് 2.7 ലക്ഷം രൂപ  ഒരു എംപിക്കായി ഒരു മാസം നല്‍കുന്നത് അനാവശ്യമാണെന്നായിരുന്നു വരുണിന്‍റെ വാദം. ഇൗ വിമര്‍ശനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് താക്കീതെത്തി.  

ബിജെപിയുമായുള്ള അകല്‍ച്ച

2004ലാണ് വരുണും അമ്മ മേനക ഗാന്ധിയും ബിജെപിയില്‍ ചേരുന്നത്. വളരെ പെട്ടെന്ന് വരുണ്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. തീവ്രഹിന്ദുത്വനിലപാട്, വര്‍ഗീയവിദ്വേഷം തുളുമ്പുന്ന പ്രസംഗങ്ങള്‍. മുസ്‌‌ലിംകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ജയില്‍ശിക്ഷയും കിട്ടി. ബിജെപിയുടെ ഏറ്റവും പ്രായംകുറഞ്ഞ ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിയുടെ പലഘടകങ്ങളിലും അംഗമായി. പിലിബിത്തില്‍ നിന്നും സുല്‍ത്താന്‍പൂരില്‍ നിന്നും രണ്ടുവട്ടം എംപിയുമായി. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്താണ് മോദിയുടെയും അമിത് ഷായുടെയും കണ്ണിലെ കരടായത്. രാഹുലിനെതിരെ അമേത്തിയില്‍ മല്‍സരിക്കണമെന്ന നിര്‍ദേശം വരുണ്‍ തള്ളി. തിരഞ്ഞെടുപ്പ് തമാശയാക്കാനില്ലെന്നായിരുന്നു നിലപാട്. സോണിയയ്ക്കും രാഹുലിനുമെതിരെ പ്രചാരണരംഗത്തിറങ്ങണമെന്ന ആവശ്യവും പാലിച്ചില്ല. അമ്മ മേനകാ ഗാന്ധി കേന്ദ്രമന്ത്രിയായി തുടര്‍ന്നിട്ടും, പാര്‍ട്ടി വരുണിനെ  പദവികളില്‍ നിന്നൊഴിവാക്കിത്തുടങ്ങി. സ്വന്തം മണ്ഡലമായ സുല്‍ത്താന്‍പൂരിലടക്കം മോദിയുള്ള വേദികള്‍ വരുണും ഒഴിവാക്കി. യുപി നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോദി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗം പോലും അവഗണിച്ചു. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച ദാരുണസംഭവത്തിനുശേഷം അഞ്ചുകോടി രൂപയാണ് ആധുനികസൗകര്യങ്ങളോടെ ആശുപത്രിക്കെട്ടിടം നിര്‍മിക്കാന്‍ വരുണ്‍ നല്‍കിയത്. 

varun-menaka

മാറ്റത്തിന്‍റെ തുടക്കം

ജീവിതത്തിലെ നികത്താനാവാത്ത ഒരു നഷ്ടമാണ് ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട കൊച്ചുമകന്‍റെ ജീവിതം മാറ്റിമറിച്ചത്. അത് മകളുടെ മരണമായിരുന്നു. ജനിച്ച് മൂന്നാംമാസത്തിലാണ് വരുണിനും ഭാര്യ യാമിനി റോയ് ചൗധരിക്കും മകളെ നഷ്ടപ്പെട്ടത്. ‘എന്‍റെ കയ്യിലാണ് അവള്‍ മരിച്ചത്. ജീവിതത്തിലെ ഒരു രാഷ്ട്രീയ നേട്ടവും ഒരു പദവിയും ആ നഷ്ടത്തേക്കാള്‍ വലുതല്ല..’ ഏറെക്കാലത്തിനുശേഷം വരുണ്‍ മനസുതുറന്നു. മകളുടെ മരണശേഷം നാലുമാസം വീട്ടില്‍ തന്നെയിരുന്നു. സംസാരത്തില്‍ പോലും അഗ്രസീവ് ആകാനിഷ്ടപ്പെടാത്തയാളായിരുന്നു പിന്നീട് കണ്ട വരുണ്‍.  2014ല്‍ രണ്ടാമത്തെ മകള്‍ അനസൂയയുടെ ജനനവും ആ ശൈലയില്‍ മാറ്റമൊന്നും വരുത്തിയില്ല.   

കോണ്‍ഗ്രസിലേക്ക് മടങ്ങുമോ?

സോണിയ ഗാന്ധിയും മേനക ഗാന്ധിയും തമ്മില്‍ കണ്ടാല്‍ മിണ്ടില്ലെങ്കിലും മക്കള്‍ തമ്മില്‍ ഊഷ്മള ബന്ധമായിരുന്നു. 1997ല്‍ പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിന് രാഹുലിനൊപ്പം വരുണുമുണ്ടായിരുന്നു. ബംഗാളിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്‍റെ കൊച്ചുമകള്‍ യാമിനി റോയ് ചൗധരിയെയാണ് വരുണ്‍ വിവാഹം കഴിച്ചത്. വരുണിന്‍റെ  വിവാഹത്തിന് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമെത്തിയില്ലെങ്കിലും മകള്‍ മരിച്ചപ്പോള്‍ വരുണിന് താങ്ങായി രാഹുലും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുടുംബപ്പേരില്‍ അഭിമാനിക്കുന്നയാളാണ് ഫിറോസ് വരുണ്‍ ഗാന്ധി. 

modi-malayalam

ഇടതുലിബറല്‍ ചിന്താരീതിയും നെഹ്റൂവിയന്‍ കാഴ്ചപ്പാടിനോട് ആഭിമുഖ്യവുമുള്ളയാളുമാണ് ഇന്നത്തെ വരുണ്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ ബിജെപി വരുണിന് സീറ്റ് നല്‍കുമോ? കോണ്‍ഗ്രസിലേക്ക് പോകാന്‍ വരുണിന് താല്‍പര്യമുണ്ടോ? ഉണ്ടെങ്കില്‍ സഞ്ജയ് ഗാന്ധിയുടെ മകനോട് കോണ്‍ഗ്രസിന്‍റെ മനോഭാവമെന്താകും? ഒരുപക്ഷേ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഉത്തരം നല്‍കുമായിരിക്കണം.

MORE IN INDIA
SHOW MORE