മോദി അംബാനിക്ക് സ്പെക്ട്രം നൽകി; അതുവഴി നഷ്ടം 69,381 കോടി; കുരുക്കി കോൺഗ്രസ്

ambani-modi-spectrum-14
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോൺഗ്രസ്. ചെറിയ ദൂരപരിധിയിൽ മൊബൈൽ സിഗ്നലുകൾ കൈമാറാൻ ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങൾ പാലിക്കാതെ രണ്ട് കമ്പനികൾക്ക് നൽകിയെന്നാണ് ആരോപണം. മുകേഷ് അംബാനിയുടെ ജിയോക്കും സിസ്റ്റെമാ ശ്യാം ടെലിസർവീസസ് എന്ന കമ്പനിക്കും ചട്ടവിരുദ്ധമായി സ്പെക്ട്രം നല്‍കിയതുവഴി 69,381 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. 

പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ ആരോപണം. 2015-ൽ മൈക്രോവേവ് സ്പെക്ട്രം ഒരു കമ്പനിക്ക് 'ആദ്യം വന്നവർക്ക് ആദ്യം' (First Come First Serve) എന്ന രീതിയിൽ കരാറാക്കി നൽകി എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഏത് കമ്പനിക്കാണ് നൽകിയതെന്നും, എത്ര രൂപയുടെ നഷ്ടം ഇതുവഴി സർക്കാരിനുണ്ടായി എന്നും റിപ്പോർട്ടിലില്ല.

101 കമ്പനികൾ മൈക്രോവേവ് സ്പെക്ട്രത്തിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഇത്തരത്തിൽ കരാർ നൽകിയത് നഷ്ടമുണ്ടാക്കും എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, ആദ്യം വന്നവർക്ക് ആദ്യം കരാർ നൽകുകയെന്നത് ടെലികോം മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഏത് സ്പെക്ട്രവും ലേലം ചെയ്താണ് ടെലികോം മന്ത്രാലയം നൽകാറുള്ളത്.

ജിയോക്കാണ് കേന്ദ്രസർക്കാർ ആദ്യം കരാർ നൽകിയത്. പിന്നീടാണ് സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്ക് നൽകുന്നത്. രണ്ട് കമ്പനികള്‍ക്കും കരാർ നൽകിയതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ വാദം. മാർക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാൽ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്റ്റെമാ ശ്യാമിനും കരാർ നൽകിയതെന്നും മന്ത്രാലയം വിശദീകരിച്ചു. 

MORE IN INDIA
SHOW MORE