മരിക്കും വരെ എന്റെ വാതിൽ നിങ്ങൾക്കായി തുറന്നിരിക്കും: രാഹുൽ; പ്രസംഗ വിഡിയോ

rahul-speech-11
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ. പ്രവാസികളെയും യുഎഇ പ്രധാനമന്ത്രിയെയും പുകഴ്ത്തിയാണ് രാഹുലിന്റെ പ്രസംഗം ആരംഭിച്ചത്.

ഞാൻ യുഎഇയിലൂടെ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ ഊർജവും അധ്വാനവും കാണാൻ സാധിച്ചു. ഈ രാജ്യത്തെ നിർമിക്കാൻ നിങ്ങൾ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നൽകുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉൾക്കൊണ്ടത് മതങ്ങളിൽ നിന്നാണ്. അതിൽ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുൽ പറഞ്ഞു.

ഇവിടെ നിൽക്കുമ്പോഴും എനിക്ക് ഇന്ത്യയിൽ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും. 2019ൽ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത്–രാഹുൽ വ്യക്തമാക്കി.

രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. 

ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലെങ്കില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായിപ്പോകുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയത്. വസതിയിലെത്തിയ രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.  

MORE IN INDIA
SHOW MORE