ദുബായ് സ്റ്റേഡിയം കവിഞ്ഞൊഴുകിയ ആൾക്കടൽ; ഹൃദയം തൊട്ട് രാഹുൽ, വിഡിയോ

rahul-dubai-croud
SHARE

ഉൗർജവും പ്രസരിപ്പും കൊണ്ട് ഇന്ത്യൻ പ്രവാസികളെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള രാഹുലിന്റെ പ്രസംഗവും ശരീരഭാഷയും നിമിഷനേരം കൊണ്ടാണ് രാജ്യത്ത് തരംഗമായത്. തിങ്ങി കൂടിയ ജനക്കൂട്ടം നിറഞ്ഞകയ്യടിയോടെയാണ് രാഹുലിന്റെ  ഒാരോ വാക്കുകളെയും വരവേറ്റത്.

‘ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും.’ വാക്കുകളുടെ മൂർച്ചയിലും പ്രതിയോഗിയെ താറടിച്ചുകാണിക്കാതെ രാഹുൽ നയം വ്യക്തമാക്കി.

കോൺഗ്രസ് മുക്ത ഭാരതം എന്ന് ബിജെപി പറുമ്പോഴും കോൺഗ്രസ് ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന് പറയാൻ പോണില്ലെന്ന രാഹുലിന്റെ വാക്കുകളെ ആരവങ്ങളോടെയാണ് പ്രവാസികൾ ഏറ്റെുത്തത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയത്. വസതിയിലെത്തിയ രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലെങ്കില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായിപ്പോകുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി.

ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.  ''മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അതു നടപ്പിലാക്കുമെന്നും രാഹുൽ വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.