ദേശീയ തലത്തിൽ ചലനമുണ്ടാക്കാതെ പണിമുടക്ക്; മെട്രോ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിൽ

national-strikel-karnataka
SHARE

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദേശീയപണിമുടക്ക് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഭാഗികം. ഡല്‍ഹിയിലും, മുംബൈയിലും, ബെംഗളൂരുവിലും ജനജീവിതം സാധരണനിലയിലാണ്. ബംഗാളിലും അസമിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് ചെറിയരീതിയിലെങ്കിലും ചലനമുണ്ടാക്കിയത്. 

കര്‍ണാടകയിലെ ബാഗല്‍കോട്ട്, ബെല്ലാരി, ഹസന്‍ എന്നിവടങ്ങളില്‍ കര്‍ണാടക ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയതൊഴിച്ചാല്‍ പണിമുടക്ക് ഭാഗികമാണ്. ബെംഗളൂരു നഗരത്തില്‍ ഒരു വിഭാഗം ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കിയെങ്കിലും നഗരത്തെ ബാധിച്ചില്ല. ബി.എം.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും ജനജീവിതം സാധരണഗതിയിലാണ്. ബസുകളും ടാക്സികളും നിരത്തിലിങ്ങുന്നുണ്ട്. ചെന്നൈയില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും വാഹനങ്ങള്‍ തടഞ്ഞില്ല. 

മുംബൈയിൽ ലോക്കൽട്രെയിനുകളും ദീർ‌ഘദൂര ട്രെയിനുകളും, പതിവുപോലെ സർവീസ് നടത്തുന്നു. ടാക്സികള്‍ നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകൾ, ബാങ്കിങ് സ്ഥാപനങ്ങള്‍ , വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവ തുറന്നുപ്രവർത്തിച്ചു. ആർബിഐയിലെ ഒരുവിഭാഗം ജീവനക്കാർ സമരത്തെപിന്തുണച്ചെങ്കിലും പ്രവർത്തനത്തെ ബാധച്ചില്ല. ചിലയിടങ്ങളിൽ തൊഴിലാളിസംഘടനകളൾ പ്രതിഷേധറാലികൾ സംഘടിപ്പിച്ചു. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ജനജീവിതം സാധാരണഗതിയിലാണ്. ഉത്തരേന്ത്യയില്‍ ഒഡീഷ, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളെയാണ് സമരം ചെറിയരീതിയില്‍ ബാധിച്ചത്. മൂന്നിടങ്ങളിലും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ സമരക്കാര്‍ ദേശീയപാത 16 പൂര്‍ണമായും ഉപരോധിച്ചു. ബംഗാളില്‍ സമരത്തിനിടെ സിപിഎം–തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റമുട്ടി. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. 

MORE IN INDIA
SHOW MORE