ന്യൂജനറേഷനെ കീശയിലാക്കാൻ കോണ്‍ഗ്രസ്; ‍ബിജെപിയെ വെട്ടാന്‍ ഇത് പുതിയ തന്ത്രം ‍

congress-bjp
SHARE

ബിജെപിയെ വെട്ടാന്‍ ന്യൂജനറേഷനെ കീശയിലാക്കാനുള്ള തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ലൈന്‍ അംഗത്വ വിതരണം സജീവമാക്കാനാണ് തീരുമാനം. എഐസിസി ഡാറ്റാ അനലറ്റിക്സ് വിഭാഗം ശക്തി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി പദ്ധതി നടപ്പാക്കിയതിന്‍റെ ആത്മവിശ്വാസമാണ് കൈമുതല്‍. 

 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ശക്തി പദ്ധതിയുടെ ആശയം മുന്നോട്ട് വച്ചത്. തിരിച്ചറിയല്‍ കാര്‍ഡുള്ള ആര്‍ക്കും എളുപ്പത്തില്‍  പദ്ധതിയുടെ ഭാഗമാകാം. ആദ്യ ഘട്ടത്തില്‍ നേതാക്കള്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കുമാണ് പരിശീലനം നല്‍കുക. അതായത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയിലെ ഒരു പാലമായാകും ശക്തി പ്രവര്‍ത്തിക്കുക. ഇതിലൂടെ  ബൂത്ത് തലത്തിലുള്ള പ്രശ്നം എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും നിഷ്പ്രയാസം സാധിക്കും. നിര്‍ണായക വിഷയങ്ങളില്‍ പോലും പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി തേടിയ ശേഷം തീരുമാനമെടുക്കാം. 

           

രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തി വിജയമായതോടെയാണ് പദ്ധതി കേരളത്തിലേയ്ക്കും എത്തുന്നത്. ഒണ്‍ലൈന്‍ അംഗത്വം വഴി പാര്‍ട്ടിയിലേയ്ക്ക് വരുന്ന യുവരക്തങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. 

2010 ലാണ് ഇതേ തന്ത്രവുമായി ബിജെപി എത്തിയത്. ഇത് കണ്ട് കളിയാക്കിയ കോണ്‍ഗ്രസ് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടി. പരമ്പരാഗത പ്രചാരണമാര്‍ഗങ്ങളെ മാത്രം ആശ്രയിച്ചാല്‍ പോരെന്ന്് തിരിച്ചറിയാന്‍ വീണ്ടുമൊരു അഞ്ച് വര്‍ഷം കൂടിയെടുത്തു കോണ്‍ഗ്രസിന്. എങ്കിലും കോണ്‍ഗ്രസിന്‍റെ ഈ നീക്കം ബിജെപിയുടെ നെഞ്ചിടിപ്പ് ചെറുതായൊന്നുമല്ല കൂട്ടുന്നത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.