ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും ഒരുമിച്ച്; പ്രഖ്യാപനം ഉടൻ

uttar pradesh
SHARE

കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും എസ്.പിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണ. എന്നാല്‍  സോണിയ ഗാന്ധിയുടെ മണ്ഡലമായ  റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ  അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ധാരണസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. മഹാരാഷ്ട്രയില്‍ നാല്‍പ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒരുമിച്ച് മത്സരിക്കാനും ധാരണയായി.

പൊതുതിരഞ്ഞെടുപ്പില്‍ മഹാസഖ്യമെന്ന  ആശയത്തിന് തിരിച്ചടി നല്‍കിയാണ് യു.പിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരുമിച്ച് മത്സരിക്കാന്‍ മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചത്. ഇരുവരും ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ സീറ്റ് സംബന്ധിച്ച ധാരണയായി. 80 സീറ്റുകളുള്ള സംസ്ഥാനത്ത് 37 സീറ്റുകളില്‍ വീതം എസ്.പി യും ബി.എസ്.പിയും മത്സരിക്കും. സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡിക്ക് ഭാഗ്പത്, മധുര, കൈരാന മണ്ഡലങ്ങള്‍ നല്‍കും.

അടുത്തയാഴ്ച ഇരുനേതാക്കളും തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അടുത്തിടെ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും സഖ്യം ഉജ്ജ്വല വിജയം നേടിയിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍  കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം നാല്‍പ്പത് സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാന്‍ ധാരണയായി. ബാക്കി എട്ട് സീറ്റുകളില്‍ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.