‘ഡബിൾ എ’ ഈസ് സീക്രട്ട് ഓഫ് മോദീസ് എനർജി; കോണ്‍ഗ്രസ് വിഡിയോ ട്രോള്‍: വൈറല്‍

rahul-modi-cartoon
SHARE

റഫാൽ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഴിച്ചു വിട്ടത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ രണ്ട് മണിക്കൂർ സംസാരിച്ചിട്ടും തന്റെ നിസാരചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ അംബാനിക്ക് അനുബന്ധ കരാര്‍ ലഭിച്ചത് എങ്ങനെ? റഫാല്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് എന്തിന് ? ഈ രണ്ട് ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ലോക്സഭയില്‍ ചര്‍ച്ചയ്ക്കൊടുവില്‍ ഉന്നയിച്ചത്. 

പാർലമെന്റിൽ അനിൽ അംബാനിയുടെ പേര് പറയരുതെന്ന് സ്പീക്കറുടെ നിർദേശത്തെ ട്രോൾ ചെയ്തത് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. ഇന്നു കോൺഗ്രസിന്റെ ഒൗദ്യോഗിക ട്വീറ്റ് പേജിൽ വന്ന ട്വീറ്റാണ് വീണ്ടും ശ്രദ്ധയാകർഷിച്ചത്. 

മോദിയുടെ കാർട്ടുണാണ് ട്വീറ്റിൽ. ഇതാണ് ഇദ്ദേഹത്തിന്റെ ഊർജ്ജത്തിന്റെ രഹസ്യം എന്ന ശീർഷകത്തിൽ ഇട്ട കാർട്ടൂണിൽ. ഇൻസർട്ട് ഡബിൾ എ ബാറ്ററി എന്ന ഹാഷ്ടാഗുമുണ്ട്. അനിൽ അംബാനിയാണ് മോദിയുടെ ഊർജ്ജമെന്നും കാർട്ടൂൺ പറയുന്നു. 'ഡബിൾ എ' എന്ന് പേരിട്ട ബാറ്ററി ചെണ്ട കൊട്ടുന്ന മോദിയിൽ ഇടുമ്പോൾ മോദി പ്രതിമയ്ക്ക് ജീവൻ വയ്ക്കുന്നതാണ് ട്വീറ്റിൽ.സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ വിലക്കിയത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ അതിനും നിരോധനം ഉണ്ടോ ? എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുചോദ്യം. പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്ന് സ്പീക്കറുടെ മറുപടി. ''മാഡം, എങ്കില്‍ ‍ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (AA) എന്ന് വിളിച്ചോട്ടെ..?” എന്ന് വീണ്ടും രാഹുൽ. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തു. അംബാനി ബി.ജെ.പി മെമ്പര്‍ ആണോ എന്നാണ് രാഹുല്‍ തിരിച്ച് ചോദിച്ചത്.തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നാണ് വിശേഷിപ്പിച്ചത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചപ്പോൾ ഉടന്‍ തന്നെ ഡബിൾ എ എന്ന് തിരുത്തുണ്ടായി. പാർലമെന്റിലെ രസകരമായ ഈ വാക്പോര് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം വൈറലായി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.