യുവതീപ്രവേശം 'ഹിന്ദുക്കൾക്കു നേരേ പട്ടാപ്പകൽ നടന്ന ബലാത്സംഗം';വിവാദവാക്കുമായി കേന്ദ്രമന്ത്രി

ananth-kumar-hegde
SHARE

ശബരിമലയിലെ യുവതീപ്രവേശനത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ‌ ഹെഗഡേ. 'പട്ടാപ്പകൽ ഹിന്ദുക്കൾക്കു നേരെ നടന്ന ബലാത്സംഗ'മെന്നാണ് ശബരിമലയിലെ യുവതീപ്രവേശനത്തെ അനന്ത് കുമാർ ഹെഗഡേ വിശേഷിപ്പിച്ചത്. ദലിത് സമരത്തെ 'തെരവുനായ്ക്കളുടെ കുര' യെന്നും പ്രതിപക്ഷത്തെ കാക്കകളുടെയും കുരങ്ങന്മാരുടെയും കൂട്ടമെന്നും ആക്ഷേപിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വൻരോഷമാണ് രാജ്യമെമ്പാടും ഉയരുന്നത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരി ഉൾപ്പെടെ കേരളമെമ്പാടും പ്രതിഷേധങ്ങളും അക്രമങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും പുറത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻവിധി കേരളത്തെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ ഇത്തരം വിധികൾ നടപ്പിലാക്കുമ്പോൾ സംസ്ഥാനത്തിന്റെ ക്രമസമാധന പാലനം കൂടി കേരള സർക്കാർ നോക്കണമായിരുന്നു. ഒരു ബോംബ് ഇടും മുമ്പ് അതിന്റെ ഭാരത്തെക്കുറിച്ചും ദൂഷ്യത്തെക്കുറിച്ചും ആലോചിക്കണമായിരുന്നു. ഇത് ഹിന്ദുക്കളെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യുന്നത് പോലെയുള്ള നടപടിയായി പോയെന്നും ഹെഗഡേ പറയുന്നു. 

ഭൂരിപക്ഷത്തിന്റെ മതവികാര‍ങ്ങളെ വ്രണപ്പെടുത്താത്ത വിധത്തിൽ വളരെ നയത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും എന്നാൽ ശബരിമല വിഷയത്തിൽ പിണറായി സർക്കാർ‌ പൂർണ പരാജയമാണെന്നും ഹെഗഡേ പറഞ്ഞു. എന്നും വിവാദ പ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നയാളാണ് ഹെഗഡേ. ഹെഗ്‌ഡേയുടെ പ്രസ്താവനകള്‍ തലവേദന ആയതിനെ തുടര്‍ന്ന് എന്‍ഡിഎ യിലെ ജനതാദള്‍ (യു) തന്നെ മന്ത്രിയോട് നാവടക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. 

പുലിയോട് കാക്കകളും കുരുങ്ങന്മാരും കുറുക്കനും   പൊരുതുന്നത് പോലെയാണ് മോദിക്കെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്നായിരുന്നു  മന്ത്രിയുടെ മുൻപുളള വിവാദ പ്രസ്താവന. തന്റെ പാര്‍ട്ടി ഭരണഘടനയില്‍ നിന്നും മതേതരം എന്ന വാക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതും വിവാദമായി. 2017 ല്‍ അമ്മയ്ക്ക് നല്‍കിയ ചികിത്സ ഇഷ്ടപ്പെടാതെ ഡോക്ടറെ തല്ലി വിവാദങ്ങളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ ബല്ലാരിയിലെ തൊഴില്‍മേളയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ അതിനെ തെരുവ്‌നായ്ക്കളുടെ കുര യെന്നാണ് ഹെഗ്‌ഡേ ഉപമിച്ചത്. 

MORE IN INDIA
SHOW MORE