ഇന്ത്യയുടെ സരബ്‌ജിത് സിങ്ങിനെ കൊന്ന പ്രതികളെ പാക്കിസ്ഥാന്‍ വെറുതെവിട്ടു; രോഷം

sarabjit-singh
SHARE

ഇന്ത്യക്കാരനായ സരബ്‌ജിത് സിങ്ങിനെ പാക്കിസ്ഥാനിലെ കോട്ട് ലോക്പത് ജയിലിൽ മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളെ പാക്കിസ്ഥാൻ കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പ്രതികളായ ആമീര്‍ താംബ, മുദസര്‍ എന്നിവരെ വെറുതെ വിട്ടത്. കേസിലെ സാക്ഷികള്‍ കോടതിയ്ക്ക് മുമ്പാകെ മൊഴി മാറ്റുകയായിരുന്നു. പ്രതികള്‍ക്കെതിരേ ഒരാള്‍ പോലും കോടതിയില്‍ സാക്ഷി പറഞ്ഞില്ലെന്നും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി മോചിപ്പിക്കുകയായിരുന്നെന്നും പാക്‌ അധികൃതര്‍ പറഞ്ഞു. നേരത്തെ കേസ് വാദിക്കുന്ന സമയത്ത് സാക്ഷികളെ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ജഡ്ജി വിമര്‍ശനമുന്നയിച്ചിരുന്നു.

സരബ്‌ജിത് സിങ്ങിനെ കൊല്ലാൻ തീരുമാനിച്ചുതന്നെയാണ് ആക്രമിച്ചത്. അനവധി മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. രണ്ടിലേറെപ്പേർ ചേർന്നായിരുന്നു ആക്രമണം. തലയോട്ടി രണ്ടായി പിളർന്നിരുന്നു. സന്ധികളും എല്ലുകളും നുറുങ്ങിയിരുന്നു. മസ്‌തിഷ്‌കവും ഹൃദയവും വൃക്കയും അടക്കം പ്രധാനപ്പെട്ട പല ആന്തരാവയവങ്ങളും കാണാനില്ലായിരുന്നു. ഇന്ത്യയിൽ നടന്ന പോസ്‌റ്റ്‌മോർട്ടത്തിലാണ്  കൊടുംക്രൂരതകൾ  വെളിവായത്.കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ലഹോറിൽ നടന്ന ആദ്യ പോസ്‌റ്റ്‌മോർട്ടത്തിനിടെ പല ആന്തരാവയവങ്ങളും നീക്കംചെയ്‌തു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അമൃത്സർ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ നടന്ന പോസ്‌റ്റ്‌മോർട്ടത്തിൽ പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, വൃക്ക, പിത്താശയം എന്നിവ കാണാതായിരുന്നു. 

നാൽപത്തൊൻപതുകാരനായ സരബ്‌ജിത് സിങ് താൻ ചെയ്യാത്ത കുറ്റത്തിനായിരുന്നു പാക്കിസ്ഥാനിൽ തടവുശിക്ഷ അനുഭവിച്ചത്. അമൃത്സറിനടുത്ത ഒരു ഗ്രാമത്തിലെ കൃഷിക്കാരനായിരുന്ന അദ്ദേഹം 1990ൽ മദ്യലഹരിയിൽ വഴിതെറ്റി അറിയാതെ പാക്ക് അതിർത്തി മുറിച്ചുകടന്നതായിരുന്നു. 14 പേരുടെ മരണത്തിനിടയാക്കിയ ലഹോർ ഫൈസലാബാദ് ബോംബ് വിസ്‌ഫോടനത്തിന്റെ കുറ്റംചുമത്തി അറസ്‌റ്റിലായ അദ്ദേഹം വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ദയാഹർജികൾ തള്ളപ്പെട്ടശേഷം നിരാശനായി തൂക്കുമരം കാത്തു ജയിലിൽ കഴിയുന്നതിനിടയിലായിരുന്നു ദാരുണമായ കൊലപാതകം.  

നിരവധി തവണ സരബ്ജിത്തിനായി ദയാഹർജികൾ സമർപ്പിക്കപ്പെട്ടുവെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കാൻ ഇന്ത്യ നയതന്ത്ര സമർദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജയിലിൽ വച്ച് മർദ്ദനമേറ്റ് 2013 ൽ അദ്ദേഹം മരണമടയുന്നതും.വധശിക്ഷ കാത്തുകഴിയുന്ന ആമിറിനെയും മുദാസറിനെയും പ്രതികളാക്കി പോലീസ്‌ കേസെടുത്തു. വിവാദ കേസില്‍ അന്വേഷണത്തിനായി ജസ്‌റ്റിസ്‌ മസര്‍ അലി അക്‌ബര്‍ നഖ്‌വിയെ ഏകാംഗ കമ്മിഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. നാല്‍പതോളം പേരില്‍നിന്നു കമ്മിഷന്‍ മൊഴിയെടുത്തു. തുടര്‍ന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും ഇതിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതൊരു സാധാരണ കയ്യേറ്റമല്ലെന്നും അധികൃതരുടെ മൗനാനുവാദത്തോടെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും വ്യക്‌തമായിരുന്നു. ഇഷ്‌ടികക്കല്ലുകൾ മാത്രമല്ല, സ്‌പൂണുകൾ അടിച്ചുപരത്തിയുണ്ടാക്കിയ കത്തികളും ഉപയോഗിക്കപ്പെട്ടുവെന്നാണു റിപ്പോർട്ടുകൾ. കനത്ത കാവലുള്ള ജയിലിൽ ഇവയെങ്ങനെ തടവുകാരുടെ കൈകളിലെത്തിയെന്ന ചോദ്യത്തിനു പാക്കിസ്‌ഥാന്റെ ഭാഗത്തു നിന്നു മറുപടിയുണ്ടായില്ല.

സരബ്‌ജിത് സിങ് ആക്രമിക്കപ്പെടുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നുവെന്നും ജയിൽ അധികൃതർ അതവഗണിക്കുകയാണു ചെയ്‌തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുംബൈ ആക്രമണക്കേസിലെ പ്രതിയായ പാക്കിസ്‌ഥാൻകാരൻ അജ്‌മൽ കസബും പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി ജമ്മുകശ്‌മീരുകാരൻ അഫ്‌സൽ ഗുരുവും ഇന്ത്യയിൽ തൂക്കിക്കൊല്ലപ്പെട്ടതിനു പ്രതികാരമായി സരബ്‌ജിത്തിനെ വധിക്കുമെന്ന്  ഭീഷണികൾ ഉണ്ടായിരുന്നു. കസബിന്റെയും ഗുരുവിന്റെയും മരണത്തിനു പകരംവീട്ടാൻ ലഷ്‌കറെ തയിബ ആഹ്വാനം പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, പാക്ക് അധികൃതർ അനങ്ങിയില്ല. രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുകയും രണ്ടു തടവുകാർക്കെതിരെ കേസെടുക്കുകയും ചെയ്‌തുകൊണ്ട് ഇതൊരു സാധാരണ കേസ് പോലെ കൈകാര്യം ചെയ്യാനാണു ജയിൽ അധികൃതർ ശ്രമിച്ചത്. 

ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ സരബ്‌ജിത്തിനെ കാണാൻ അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ടു പെൺമക്കളെയും സഹോദരിയെയും പാക്കിസ്‌ഥാൻ അനുവദിച്ചുവെങ്കിലും ബോധരഹിതനായ സരബ്‌ജിത്തിന് അവരെ തിരിച്ചറിയാനായില്ല. അദ്ദേഹത്തെ ചികിൽസയ്‌ക്കായി ഇന്ത്യയിലേക്കു കൊണ്ടുവരാൻ അനുവദിക്കണമെന്ന അഭ്യർഥന പാക്കിസ്‌ഥാൻ തള്ളുകയും ചെയ്‌തു.

കോടതികൾ സരബ്‌ജിത്തിനു വിധിച്ച മരണശിക്ഷ നടപ്പാക്കുന്ന കാര്യം ഒരുകൂട്ടം ക്രിമിനലുകൾക്കു വിട്ടുകൊടുക്കുകയാണു ഫലത്തിൽ പാക്ക് ഗവൺമെന്റ് ചെയ്‌തത്. അജ്‌മൽ കസബിന്റെയും അഫ്‌സൽ ഗുരുവിന്റെയും പേരുപറഞ്ഞ് കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന കാടൻ നിയമം നടപ്പാക്കപ്പെടാനും ഇതു വഴിയൊരുക്കി.

MORE IN INDIA
SHOW MORE