ഇഷയുടെ വിവാഹവസ്ത്രത്തില്‍ അമ്മയുടെ 35 വർഷം പഴക്കമുളള വിവാഹസാരിയും

isha-ambani-nitha-ambani
SHARE

ആഡംബരത്തിളക്കത്തിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡർ റോഡിൽ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് പങ്കെടുത്തത്.

ഇഷയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വൻ വാർത്തയാകുകയും ചെയ്തു. വിവാഹദിവസം ഇഷ അണിഞ്ഞ വസ്ത്രത്തിന് വലിയ ഒരു പ്രത്യേകത ഉണ്ടായിരുന്നു. മുപ്പത്തിയഞ്ചു വർഷം മുൻപ് അമ്മ നിത അംബാനി ധരിച്ചിരുന്ന സാരിയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ആഢംബരത്തോടൊപ്പം തന്നെ പൈതൃകവും ഉയർത്തിപ്പിടിക്കുന്ന വിവാഹ വസ്ത്രം തുന്നിയെടുത്തത്. നിതാ അംബാനിയുടെ വിവാഹസാരിയും ഉപയോഗിച്ചാണ് ഇഷയുടെ ഓഫ് വൈറ്റ് നിറമുള്ള ഗാഗ്ര ഡിസൈൻ ചെയ്തത്.

പ്രശസ്ത ഡിസൈനറായ ഡിയോ അബു ജാനി സന്ദീപ് കോസലയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. കൈകൾ കൊണ്ട് തുന്നിയ മുഗൾ ഡിസൈൻ, സരോസ്കി ക്രിസ്റ്റലുകളുടെ അലങ്കാരം തുടങ്ങിയ വസ്ത്രത്തിന്റെ മാറ്റുകൂടി. ചുവപ്പു നിറത്തിലുളള സർദോസി ബോർഡറായിരുന്നു ഹൈലൈറ്റ്. 

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

MORE IN INDIA
SHOW MORE