ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്രത്തിന് തിരിച്ചടി; മോദിക്ക് ഉപദേശം നൽകി സ്വാമി

modi-swami-10
SHARE

ആർബിഐ ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. പൊതുജന താത്പര്യം മാനിച്ച് ഉർജിത് പട്ടേലിനോട് തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് മോദി ആവശ്യപ്പെടണമെന്ന് സ്വാമി പറയുന്നു. അടുത്ത സർക്കാർ അധികാരത്തിൽ വരുന്നതുവരെയെങ്കിലും ഉർജിത് പട്ടേൽ ഗവർണർ സ്ഥാനത്ത് തുടരണമെന്നും സ്വാമി പറയുന്നു. 

ഉർജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് ഘടനക്കും കേന്ദ്രസർക്കാരിനും തിരിച്ചടിയാകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. 

ഭിന്നതകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉർജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്.

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല. 

ബാങ്കുകളുടെ കിട്ടാക്കടവും  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.

MORE IN INDIA
SHOW MORE