‌'നമ്മൾ പരസ്പരം കൊല്ലാത്ത ദിനം വരുമോ'; പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ; കണ്ണീർ

abhishek-singh
SHARE

''ഇന്ന് എന്‍റെ അച്ഛൻ കൊല്ലപ്പെട്ടു, നാളെ ജനക്കൂട്ടം ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയേക്കാം. ഒരു ദിവസം അതൊരു മന്ത്രിയെ ആയേക്കാം. ആൾക്കൂട്ട കൊലപാതകങ്ങളെ ഇങ്ങനെ അനുവദിക്കാമോ? ഒരിക്കലും പറ്റില്ല, നമ്മൾ പരസ്പരം കൊല്ലാത്ത ഒരു ദിവസം വരുെമന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്'', പറയുന്നത് ഉത്തർപ്രദേശ് കൊലപാതകത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിന്‍റെ മകൻ അഭിഷേത് സിങ്ങ്. 

''പശുക്കളെ കൊല്ലുന്നവരെ കണ്ടുപിടിക്കലല്ല പ്രധാനം. മനുഷ്യരുടെ കൊലപാതകത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കലാണ്. അവശിഷ്ടങ്ങൾ എവിടെനിന്നാണ് വന്നതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടുപിടിക്കണം. സംഘർഷമുണ്ടാക്കാനാണോ അതവിടെ കൊണ്ടുചെന്നിട്ടതെന്നും കണ്ടുപിടിക്കണം'', അഭിഷേക് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

മുഖ്യമന്ത്രിയോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് മുഖ്യമന്ത്രിയോടല്ല, തനിക്കു പറയാനുള്ളത് രാജ്യത്തോടു മുഴുവനാണ് എന്നാണ് അഭിഷേക് പറഞ്ഞത്. ഹിന്ദു–മുസ‍്‍ലിം കലാപങ്ങൾ അവസാനിപ്പിക്കൂ. ചെറിയ പ്രകോപനം പോലും ആളുകളെ അക്രമാസക്തരാക്കും. ജനങ്ങൾ ഇത് ചിന്തിക്കുകയും മനസിലാക്കുകയും വേണം. 

''ആരൊക്കെ ആയാലും രാജ്യത്തെ നല്ല പൗരനായിരിക്കണമെന്ന് എന്‍റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. രാജ്യം നിങ്ങളുടേതാണ്. ഈ ആൾക്കൂട്ട ആക്രമണം ഒന്നും നേടിത്തരില്ല, അത് മനസിലാക്കൂ'', അഭിഷേക് പറഞ്ഞുനിർ‌ത്തി. 

അതേസമയം കേസിലെ മുഖ്യപ്രതി യോഗേഷ് രാജ് അറസ്്റ്റിലായി‍. ബജ്റംഗ്ദൾ നേതാവാണ് ഇയാൾ. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. ദാദ്രിയിൽ നടന്ന ആൾക്കൂട്ടക്കൊല അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത ഓഫിസറായ സുബോധിന്റെ മരണം ആസൂത്രിതമാണെന്നു ആരോപണമുയർന്നിരുന്നു.

ഗ്രാമത്തിൽ നിന്നെത്തിയ ജനക്കൂട്ടം ട്രാക്ടറിൽ പശുവിന്റെ ജഡവുമായി ചിങ്കാരവതി പൊലീസ് പോസ്റ്റിൽ എത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേട്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും ജനക്കൂട്ടം ശാന്തരായില്ല. പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് പോസ്റ്റ് ആക്രമിച്ച ജനക്കൂട്ടം അവിടെയുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾക്കു തീയിട്ടു. അക്രമം 3 മണിക്കൂർ നീണ്ടു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെയാണു പൊലീസ് വെടിവച്ചത്. കലാപം നേരിടാൻ പരിശീലനം ലഭിച്ച 1000 പൊലീസുകാരടക്കം സ്ഥലത്ത് വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തിയിരുന്നു. 

പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളെത്തുടർന്നാണ് ഒരു പൊലീസ് ഇൻസ്പെക്ടറും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ടത്. കല്ലേറിൽ പരുക്കേറ്റാണ് സിയാന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് മരിച്ചത്. സുമിത് (20) വെടിയേറ്റും. 2015 ൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ചു ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ മർദിച്ചുകൊന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് സുബോധ് കുമാർ ആണ്. 

കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ കുടുംബം ഇതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ലക്നൗവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.  കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഡി.ജി.പി ഒ.പി. സിങ്ങ് പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.